തമിഴ്നാട്ടിൽ 2009ന് ശേഷം ഏറ്റവും കുറഞ്ഞ പോളിങ്ങ്, മൂന്ന് മുന്നണികളും അശയകുഴപ്പത്തിൽ
- തമിഴ്നാട്ടിൽ പോളിംഗ് ശതമാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്.
- ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തു വന്നപ്പോൾ, ഡിഎംകെ, അണ്ണാ ഡിഎംകെ ക്യാമ്പുകൾ നിശബ്ദമായിരുന്നു.
;

തമിഴ്നാട്ടിൽ പോളിംഗ് ശതമാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തു വന്നപ്പോൾ, ഡിഎംകെ, അണ്ണാ ഡിഎംകെ ക്യാമ്പുകൾ നിശബ്ദമായിരുന്നു.
2019ലെ പോളിംഗ് ശതമാനം ആയ 72.47നോട് അടുത്ത് നിൽക്കുന്ന 72.09 എന്ന കണക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രാത്രി 7 മണിക്ക് മാധ്യമങ്ങളെ അറിയിച്ചത്. അവസാന കണക്ക് വരുമ്പോൾ പോളിങ് ശതമാനം വീണ്ടും ഉയരുമെന്നും പറഞ്ഞു. കോയമ്പത്തൂരിൽ 2019ലേക്കാൾ 8 ശതമാനം ഉയർന്ന് 71ലെത്തിയെന്നും പ്രഖ്യാപനം ഉണ്ടായി. ഇതോടെ കോയമ്പത്തൂരിൽ അണ്ണാമലൈ എഫക്ട് എന്നും തമിഴ്നാട്ടിൽ മോദി മാജിക് എന്നും ബിജെപി ഐടി വിഭാഗം പ്രചാരണം തുടങ്ങി. എന്നാൽ അന്തിമ പോളിങ് ശതമാനം 69.46 ആണെന്ന് പുലർച്ചെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തി.
കോയമ്പത്തൂരിൽ പോള്‍ ചെയ്തത് 64.81 ശതമാനം വോട്ട് മാത്രം എന്നാണ് അവസാന കണക്കിലുള്ളത്. രാവിലെ 11 മണിക്ക് വാർത്താസമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചതും ആശക്കുഴപ്പം കൂട്ടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമകേടുണ്ടായതായി അണ്ണമലൈയുടെ വിശ്വസ്തനായ ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡി വിമർശിച്ചു. കോയമ്പത്തൂരിലും ചെന്നൈ സെൻട്രലിലും ഒരു ലക്ഷം ബിജെപി വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നും സ്ഥാനാർഥികൾ ആരോപിക്കുന്നുണ്ട്. എന്നാൽ ആഴ്ചകൾക്ക് മുൻപേ പാർട്ടികളുടെ കൈവശമെത്തിയ പട്ടികയെ കുറിച്ച് പോളിങ് അവസാനിക്കുമ്പോൾ മാത്രം പരാതി ഉന്നയിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.
2009ന് ശേഷം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് ആണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്. 39ൽ 35 മണ്ഡലങ്ങളിലും 2019ലേക്കാൾ പോളിങ് ശതമാനം ഇടിഞ്ഞു.