ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ, അമേഠിയും റായ്ബറേലിയും ശ്രദ്ധാകേന്ദ്രം

ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് ശ്രദ്ധേയ മണ്ഡലങ്ങള്‍

Update: 2024-05-19 10:08 GMT

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.  695 സ്ഥാനാര്‍ത്ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍.

രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പോരാടുന്ന അമേഠി എന്നീ സീറ്റുകളിൽ നാളെയാണ് വിധിയെഴുത്ത്.

ബിഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മു ആന്‍ഡ് കശ്‌മീര്‍ (1), ഝാര്‍ഖണ്ഡ് (3), ലഡാക്ക് (1), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്.

ശ്രദ്ധേയ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങൾ 

റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധിയും യുപി മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ ദിനേശ് പ്രതാപ് സിങും തമ്മിലാണ് പ്രധാന മത്സരം. അമേഠിയില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കോൺ​ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മയെ നേരിടുന്നു. രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗവും പീയുഷ് ഗോയല്‍ മത്സരിക്കുന്ന മുംബൈ നോര്‍ത്തും ചിരാഗ് പാസ്വാന്‍റെ ഹാജിപൂരും ഒമര്‍ അബ്‌ദുള്ളയുടെ ബാരാമുള്ളയും അഞ്ചാം ഘട്ടത്തില്‍ ശ്രദ്ധേയ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളാണ്.

ജനവിധി തേടുന്ന പ്രമുഖർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയുഷ് ഗോയൽ, രാജീവ് പ്രതാപ് റൂഡി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാൻ തുടങ്ങിയവരാണ് നാളെ  ജനവിധി തേടുന്ന പ്രമുഖർ.

ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല് ഘട്ടങ്ങളിലെ പോളിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മെയ് 20, മെയ് 25, ജൂണ്‍ 1 തിയതികളിലായി അവസാന ഘട്ടങ്ങള്‍ നടക്കും. 

Tags:    

Similar News