ലോക്സഭാ തിരഞ്ഞെടുപ്പ് : രജിസ്റ്റർ ചെയ്ത എൻആർഐ വോട്ടർമാരിൽ 75 ശതമാനവും കേരളത്തിൽ നിന്ന്
- ജനപ്രാതിനിധ്യ നിയമ ഭേദഗതിയിലൂടെ 2011-ൽ വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിച്ചു
- രജിസ്റ്റർ ചെയ്ത എൻആർഐ വോട്ടർമാരിൽ 65 ശതമാനം വർധനവ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ള എൻആർഐകളിൽ നാലിൽ മൂന്ന് പേരും കേരളത്തിൽ നിന്നുള്ളവരാണ് എന്ന് റിപ്പോർട്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്ത വിദേശ ഇന്ത്യക്കാരുടെ എണ്ണം 1,18,000 കടന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത് 65 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) ഡാറ്റയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശകലനം കാണിക്കുന്നത്, വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി ഇന്ത്യക്കാരിൽ (എൻആർഐ) 74.9 ശതമാനവും സംസ്ഥാനത്ത് നിന്നുള്ളവരാണെന്നാണ്. കേരളത്തിന് തൊട്ടുപിന്നിൽ 6.4 ശതമാനവുമായി ആന്ധ്രാപ്രദേശും 4.7 ശതമാനവുമായി മഹാരാഷ്ട്രയും 2.9 ശതമാനം വീതം തമിഴ്‌നാടും തെലങ്കാനയുമാണ്.
ജനപ്രാതിനിധ്യ നിയമ ഭേദഗതിയിലൂടെ 2011-ൽ വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിച്ചു. എന്നിരുന്നാലും, അവർ രജിസ്റ്റർ ചെയ്ത മണ്ഡലങ്ങളിൽ നേരിട്ട് വോട്ട് ചെയ്യണം. വിദേശത്തേക്ക് താമസം മാറിയതിന് ശേഷം എൻആർഐയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനാൽ, 2011 വരെ സംസ്ഥാന, പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ എൻആർഐകൾക്ക് അർഹതയുണ്ടായിരുന്നില്ല.
2014ൽ എൻആർഐ വോട്ടിൽ സ്ത്രീ വോട്ടേഴ്‌സ് ആറ് ശതമാനമായിരുന്നെങ്കിൽ 2024ൽ ഇത് പതിനൊന്ന് ശതമാനം ആയി.
2019-ൽ രജിസ്റ്റർ ചെയ്ത എൻആർഐ വോട്ടർമാരിൽ 29% കേരളത്തിൽ വോട്ട് ചെയ്തു, കർണാടകയിൽ 4% ഉം രാജസ്ഥാൻ, ഉത്തർപ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ 3% ഉം ആയിരുന്നു. എന്നിരുന്നാലും, തമിഴ്‌നാട്, തെലങ്കാന, ഡൽഹി, ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എൻആർഐ വോട്ട് പങ്കാളിത്തം 0.1% ൽ താഴെയാണ്. രാജസ്ഥാനിലും കർണാടകയിലും 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 80 ദശലക്ഷം വോട്ടുകളിൽ, എൻആർഐ വോട്ടുകൾ ആകെ മൂന്ന് വോട്ടുകൾ മാത്രമാണ്. അതേ വർഷം ത്രിപുര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മേഘാലയ, തെലങ്കാന, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൻആർഐകളാരും വോട്ട് രേഖപ്പെടുത്തിയില്ല.