തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച മുദ്രാവാക്യങ്ങള്‍

  • പ്രചാരണത്തിനു വാശിയും വീറും കൂട്ടിയിട്ടുള്ളത് ചില കുറിക്കു കൊള്ളുന്ന മുദ്രാവാക്യങ്ങളാണ്
  • സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടി വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ മുദ്രാവാക്യത്തിലൂടെയാണ് ശ്രമിക്കുന്നത്
  • 1971-ല്‍ ഭരണത്തിലേറാന്‍ ദാരിദ്ര്യം നീക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഇന്ദിരയെ വളരെയധികം സഹായിച്ചു

Update: 2024-04-04 11:41 GMT

ഒരിക്കല്‍ കൂടി രാഷ്ട്രീയ പോരാട്ടത്തിന് വേദിയാവുകയാണ് രാജ്യം. തിരഞ്ഞെടുപ്പില്‍ എല്ലാ കാലത്തും സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു വാശിയും വീറും കൂട്ടിയിട്ടുള്ളത് ചില കുറിക്കു കൊള്ളുന്ന മുദ്രാവാക്യങ്ങളാണ്. സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടി വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ മുദ്രാവാക്യത്തിലൂടെയാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കുറിക്കുകൊള്ളുന്ന മുദ്രാവാക്യവുമായിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരുന്നത്.

അത്തരം ചില മുദ്രാവാക്യങ്ങളും അവ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സ്വാധീനങ്ങളെയും കുറിച്ച് പ്രതിപാദിക്കുകയാണ് ഇവിടെ:

ജയ് ജവാന്‍ ജയ് കിസാന്‍

സൈനികനെ വാഴ്ത്തുക, കര്‍ഷകനെ വാഴ്ത്തുക എന്നാണ് ഈ മുദ്രാവാക്യം. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് 1965-ല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. അതു പക്ഷേ ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിട്ടായിരുന്നില്ല ശാസ്ത്രി ഉപയോഗിച്ചത്. എന്നാല്‍ ഈ മുദ്രാവാക്യം പിന്നീട് നിരവധി നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളും പല വേദികളില്‍ പലതവണ ഉപയോഗിക്കുകയുണ്ടായി.

നെഹ്‌റുവിന്റെ മരണശേഷം ശാസ്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ് അധികം താമസിയാതെ, ഇന്ത്യയെ പാകിസ്ഥാന്‍ ആക്രമിച്ചു. രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു. ഇന്ത്യയെ പ്രതിരോധിക്കാന്‍ സൈനികരെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയാണ് ശാസ്ത്രി ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം മുഴക്കിയത്.

1967-ല്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ തിരികെയെത്താന്‍ ഈ മുദ്രാവാക്യം വലിയ തോതില്‍ സഹായിക്കുകയും ചെയ്തു.

ഗരീബി ഹഠാവോ ദേശ് ബച്ചാവോ

ദാരിദ്ര്യം നീക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ഈ മുദ്രാവാക്യം. 1971-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ദിരാഗാന്ധി ഈ മുദ്രാവാക്യമാണ് ഉപയോഗിച്ചത്. 1971-ല്‍ ഭരണത്തിലേറാന്‍ ഈ മുദ്രാവാക്യം ഇന്ദിരയെ വളരെയധികം സഹായിച്ചു. എന്നാല്‍ 1977-ല്‍ ' ഇന്ദിര ഹഠാവോ ദേശ് ബച്ചാവോ '

(ഇന്ദിരയെ നീക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യവും തെരഞ്ഞെടുപ്പ് കാലത്ത് മുഴങ്ങി കേട്ടു എന്നത് മറ്റൊരു കൗതുകം.

ജബ് തക് സൂരജ്-ചാന്ദ് രഹേഗ, ഇന്ദിര തേരാ നാം രഹേഗ

സൂര്യ-ചന്ദ്രന്മാര്‍ ഉള്ളിടത്തോളം കാലം ഇന്ദിരയുടെ പേരും ഉണ്ടാകും എന്നതാണ് ഈ മുദ്രാവാക്യം. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിച്ച മുദ്രാവാക്യമാണിത്.

സഹതാപ തരംഗം സൃഷ്ടിച്ച് കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേക്ക് നയിക്കാന്‍ ഈ മുദ്രാവാക്യത്തിനു സാധിച്ചു.

ബാരി ബാരി സബ്കി ബാരി, അബ് കി ബാരി അടല്‍ ബിഹാരി

ഓരോരുത്തര്‍ക്കും ഓരോ അവസരങ്ങള്‍ ലഭിക്കും. ഇപ്പോള്‍ അടല്‍ ബിഹാരിയുടെ സമയമാണിത് എന്നാണ് ഈ മുദ്രാവാക്യം അര്‍ഥമാക്കുന്നത്.

1996-ല്‍ ലഖ്‌നൗവിലെ ഒരു രാഷ്ട്രീയ റാലിയില്‍ വച്ചാണ് ഈ മുദ്രാവാക്യം അവതരിപ്പിച്ചത്. അടല്‍ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ ബിജെപി ഉപയോഗിക്കുകയായിരുന്നു ഈ മുദ്രാവാക്യത്തിലൂടെ.

തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിജയിച്ച് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും വെറും 13 ദിവസം മാത്രമായിരുന്നു സര്‍ക്കാരിന്റെ ആയുസ്.

കോണ്‍ഗ്രസ് കാ ഹാത്ത്, ആം ആദ്മി കേ സാത്ത്

കോണ്‍ഗ്രസിന്റെ കരം, സാധാരണക്കാരനോടൊപ്പം എന്നതായിരുന്നു 2004-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇന്ത്യ തിളങ്ങുന്നു ( ഇന്ത്യ ഷൈനിംഗ് ) എന്നതായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. പക്ഷേ, തിരഞ്ഞെടുപ്പില്‍ തിളങ്ങിയത്കോണ്‍ഗ്രസായിരുന്നു. അങ്ങനെ 2004-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി.

അച്ചേ ദിന്‍ ആനേ വാലേ ഹേ

നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്നതായിരുന്നു 2014-ല്‍ ബിജെപി ഉയര്‍ത്തിയ മുദ്രാവാക്യം. നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായതും ഈ തിരഞ്ഞെടുപ്പിലൂടെയാണ്.

അബ് കി ബാര്‍ 400 പര്‍

ഇത്തവണ 400 ന് മുകളില്‍ എന്നതാണ് ബിജെപിയുടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം. ബിജെപിയുടെ ലോക്‌സഭയിലെ എംപിമാരുടെ എണ്ണം 400 ആക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    

Similar News