ഭരണം നേടിയാല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ തിരികെ കൊണ്ട് വരും; നിര്‍മല സീതാരാമന്‍
- ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് ഇലക്ട്രല്‍ ബോണ്ടെന്നാണ് സുപ്രീം കോടി വിധി പ്രസ്താവിച്ചത്.
- കോണ്‍ഗ്രസിന് കിട്ടിയത് 3.2 ശതമാനം ഇലക്ട്രല്‍ ബോണ്ടുകളാണ്.
- ഇലക്ട്രല്‍ ബോണ്ടുകള്‍ സുതാര്യമെന്ന് പ്രധാനമന്ത്രി
;

കള്ളപ്പണം വെളുപ്പിക്കലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി റദ്ദാക്കിയ ഇലക്ട്രല്‍ ബോണ്ടുകള്‍ അധികാരത്തിലെത്തിയാല്‍ വീണ്ടും നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇലക്ട്രല്‍ ബോണ്ടുകള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായി വീണ്ടും നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും നിര്‍മല സീതാരാമന്‍ ദേശീയ മധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സുപ്രീം കോടതി ഇവ റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന പിരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് ഇലക്ട്രല്‍ ബോണ്ടുകള്‍.
അതേസമയം ഇലക്ട്രല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടിവരുമെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവ് പുനരിശോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ബോണ്ടിലെ ചില കാര്യങ്ങള്‍ മാറ്റമുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കി.
ഇലക്ട്രല്‍ ബോണ്ട് വീണ്ടും നടപ്പിലാക്കുന്നതില്‍ നിരവധി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂടുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. സുതാര്യത ഉറപ്പാക്കിക്കൊണ്ട് കള്ളപ്പണം വരുന്നത് തീര്‍ത്തും ഇല്ലാതാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഭിച്ച ഇലക്ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും നേടിയത് ബിജെപിയാണ്.
2024 ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉയരുമെന്നും പണപ്പെരുപ്പം സര്‍ക്കാര്‍ ഇടിപെട്ട് നിയന്ത്രിച്ചതായും ഇവര്‍ വ്യക്തമാക്കി. 2022-23 ല്‍ 1300 കോടി രൂപയാണ് ബിജെപിക്ക് കിട്ടിയത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2120 കോടി രൂപയാണ് ബിജെപിക്ക് മൊത്തം സംഭാവന കിട്ടിയത്.ഇതില്‍ 61 ശതമാനവും ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.