തിരഞ്ഞെടുപ്പ്: ബംഗാളില്‍ പ്രചാരകര്‍ സിനിമാ താരങ്ങളല്ല, പകരം മൃഗങ്ങള്‍
- വോട്ടര്‍മാരോട് പൗരാവകാശം വിനിയോഗിക്കാന്‍ എത്തണമെന്ന് അഭ്യര്‍ഥിക്കുന്നത് ' ബാഗു ' എന്ന ബംഗാള്‍ കടുവയാണ്
- തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമല്ല, പ്രദേശത്തിന്റെ പൈതൃകം, പ്രകൃതിവിഭവങ്ങള്‍ എന്നിവയെ കുറിച്ചു കൂടി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കാരണമാകും
- ഡാര്‍ജലിംഗ് ഹില്‍സില്‍ റെഡ് പാന്‍ഡയെ പ്രചാരണത്തിനായി ഇറങ്ങിയിരിക്കുന്നു
ഓരോ ദിവസവും പിന്നിടുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും കൂടി വരുമ്പോള്‍ ആവേശം വാനോളം ഉയരുകയാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ സിനിമ-കായിക ലോകത്തെ പ്രമുഖരെ താരപ്രചാരകരായി കളത്തിലിറക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിക്കാനായി കളത്തിലിറക്കിയിരിക്കുന്നത് മൃഗങ്ങളെയാണ്.
സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ വോട്ടര്‍മാരോട് പൗരാവകാശം വിനിയോഗിക്കാന്‍ എത്തണമെന്ന് അഭ്യര്‍ഥിക്കുന്നത് ' ബാഗു ' എന്ന ബംഗാള്‍ കടുവയാണ്.
ഡാര്‍ജലിംഗ് ഹില്‍സിലാകട്ടെ, റെഡ് പാന്‍ഡയെയും പ്രചാരണത്തിനായി ഇറങ്ങിയിരിക്കുന്നു.
കൂച്ച്‌ബെഹാര്‍ ജില്ലയില്‍, പോളിംഗ് ബൂത്തുകളിലേക്ക് വോട്ട് ചെയ്യാനായി ക്ഷണിക്കുന്നത് ' മോഹന്‍ബാവോ ' എന്ന ആമയാണ്.
ജല്‍പായ്ഗുരി ജില്ലയില്‍ ' തീസ്ത ' എന്ന പെണ്‍കുട്ടിയെയാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രദേശത്തിന്റെ ജീവനാഡിയായ നദിയുടെ പേരാണിത്.
മൃഗങ്ങളുടെയും, നദിയുടെയുമൊക്കെ പേര് ഉപയോഗിക്കുന്നതിലൂടെ തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമല്ല, ആ പ്രദേശത്തിന്റെ പൈതൃകം, സംസ്‌കാരം, പ്രകൃതിവിഭവങ്ങള്‍ എന്നിവയെ കുറിച്ചു കൂടി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കാരണമാകുമെന്നാണു വിലയിരുത്തുന്നത്.