ബിജെപിയുടെ ഉറക്കം കെടുത്തുന്ന ധ്രുവ് റാഠി എന്ന യൂട്യൂബറുടെ ലക്ഷ്യമെന്താണ്?
- ബിജെപിയുടെ മുഖ്യപ്രതിപക്ഷത്തിൻറെ റോളിലാണ് ധ്രുവ് റാഠി എന്ന എന്ന യൂട്യൂബർ
- വ്ലാദിമിർ പുടിനോടും ഉത്തരകൊറിയയുടെ കിം ജോങ്ങ് ഉന്നിനോടുമാണ് നരേന്ദ്രമോദിയെ ധ്രുവ് താരതമ്യം ചെയ്യുന്നത്
- മോദിയെ വിമർശിക്കുന്ന ദി ഡിക്റ്റർഷിപ്പ് എന്ന വീഡിയോ രണ്ട് കോടിയിലധികം പേർ കണ്ടു
പ്രതിപക്ഷ കക്ഷികൾ ഏറ്റെടുക്കേണ്ട വിഷയങ്ങൾ ജനങ്ങളിലേക്കെത്തിച്ച് മോദിയുടേയും ബിജെപിയുടേയും ശക്തനായ വിമർശകനായി മാറിയ ധ്രുവ് റാഠി എന്ന ചെറുപ്പക്കാരൻ ഇന്ന് എൻഡിഎയ്ക്ക് തലവേദനയായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യപ്രതിപക്ഷത്തിൻറെ റോളാണ് ഈ യൂട്യൂബർ വഹിക്കുന്നത്.
വ്ലാദിമിർ പുടിനോടും ഉത്തരകൊറിയയുടെ കിം ജോങ്ങ് ഉന്നിനോടുമാണ് നരേന്ദ്രമോദിയെ ധ്രുവ് താരതമ്യം ചെയ്യുന്നത്.
മോദിയെ വിമർശിക്കുന്ന ദി ഡിക്റ്റർഷിപ്പ് എന്ന വീഡിയോ രണ്ട് കോടിയിലധികം പേർ കണ്ടു. യുട്യൂബിൽ തന്നെ ഇതുമായുള്ള ചർച്ചകളിൽ പത്ത് കോടിയുടെ അടുത്ത് മൊത്തം കാഴ്ചക്കാരുണ്ടായി. ധ്രുവിന്റെ ആരോപണങ്ങൾ വിശകലനം ചെയ്തുള്ള ലേഖനങ്ങൾക്കും വലിയ പ്രചാരം കിട്ടി. പുൽവാമ ആക്രമണവും മണിപ്പൂർ വിഷയവും ഗുസ്തി വിഷയവുമെല്ലാം ധ്രുവ് ചർച്ച ചെയ്യുന്നുണ്ട്.
ഏപ്രിൽ മാസമാദ്യമിറങ്ങിയ ദി ഡിക്റ്റേറ്റർഷിപ്പ് ന്റെ രണ്ടാം ഭാഗത്തിൽ കെജ്‌രിവാളിന്റെ അറസ്റ്റിനെ കുറിച്ചും കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ചും പറയുന്നുണ്ട്.
2024 ഫെബ്രുവരി 22- ന് ധ്രുവ് റാഠി പോസ്റ്റ് ചെയ്ത ' ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരാണ്. ശേഷം ഇത് വരെയുള്ള തുടർച്ചയായ ദിവസങ്ങളിലെ ട്വിറ്റർ ട്രെൻഡിങ്ങിൽ ഇത് ആദ്യ പത്തിൽ ഇടം പിടിച്ചു.
ഇലക്‌ട്രൽ ബോണ്ട് പോലെയുള്ള ദേശീയ വിഷയങ്ങളും തൊഴിലില്ലായ്മ,പട്ടിണി,സാമൂഹിക സംഘർഷം തുടങ്ങിയ വിഷയങ്ങളും മൂടി വയ്ക്കാൻ കേന്ദ്ര സർക്കാർ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് ധ്രുവ് തൻറെ വീഡിയോകളുമായി ജനങ്ങൾക്കിടയിലേക്ക് എത്തുന്നത്.
അസം നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവിന്റെ വസതിയിൽ കണ്ടെത്തിയ ഇവിഎം മെഷീനുകളും കഴിഞ്ഞ കേന്ദ്ര തിരഞ്ഞെടുപ്പിന് ശേഷം കാണാതായ 19 ലക്ഷം ഇവിഎം മെഷീനുകളുടെ കണക്കും ചൂണ്ടികാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ധ്രുവ് ചോദ്യം ചെയ്യുന്നു.
ഹിന്ദിയിലാണ് ധ്രുവ് വിഡിയോ ചെയ്യുന്നത്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളോടുമുള്ള ആശയ വിനിമയം ഇതിലൂടെ സാധ്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദി എക്സ്പ്ലെയ്‌നറുകളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി ചർച്ച ചെയ്യുന്ന നിരവധി പ്രാദേശിക യൂട്യൂബർമാരുമുണ്ട്. ധ്രുവിന്റെ വീഡിയോകൾ രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നത് ഇതിന്റെ കൂടി പിൻബലത്തിലാണ്.
32,000 പെൺകുട്ടികളെ ഐഎസിലേക്ക് കടത്തിയെന്ന് ആരോപണമുയർത്തിയിറങ്ങിയ കേരള സ്റ്റോറിയെ വസ്തുതാപരമായി പരിശോധിക്കുന്ന വീഡിയോയും രണ്ട് കോടിക്കടുത്ത് ആളുകൾ യുട്യൂബിൽ കണ്ടിട്ടുണ്ട്. കേരള സ്റ്റോറി ഏറ്റവും കൂടുതൽ പണം നേടിയ ഹിന്ദി ഹൃദയ ഭൂമിയിൽ ഇതിനെ പ്രതിരോധിച്ചു ഹിന്ദി ഭാഷയിൽ തന്നെ ധ്രുവ് ഇറക്കിയ വീഡിയോക്ക് കേരളത്തിലും വലിയ പിന്തുണ ലഭിച്ചു. 'കേരളത്തിന്റെ പൊതുചിത്രത്തെ ലോകത്തിന് മുന്നിൽ വികലമാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ കൂടെ നിന്നതി'ന് നന്ദി പറഞ്ഞു നിരവധി മലയാളികൾ ധ്രുവിന്റെ വീഡിയോ ഷെയർ ചെയ്തു.
ഇലക്‌ട്രൽ ബോണ്ട്, കർഷക സമരം, ലഡാക്കിലെ സമരം തുടങ്ങിവയും കൃത്യമായി അദ്ദേഹം അവതരിപ്പിക്കുന്നു.
മാസത്തിൽ പത്തിൽ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബിൽ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാർത്താ ചാനലുകളേക്കാൾ ഏകദേശം 16 . 6 മില്യൺ സബ്സ്ക്രൈബേഴ്‌സ് ധ്രുവിനുണ്ട് . കഴിഞ്ഞ വർഷത്തെ ടൈം മാഗസിന്റെ 'Next Generation Leaders’ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ കൂടിയാണ് ധ്രുവ്.