ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടലുണ്ടായേക്കുമെന്നു മൈക്രോസോഫ്റ്റ്

  • ലോകമെമ്പാടും, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 64 രാജ്യങ്ങളില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുകയാണ്
  • തായ്‌വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ, ഫലത്തെ സ്വാധീനിക്കാന്‍ ചൈന എഐ ഉപയോഗിച്ചു പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു
  • പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇത്തരം തന്ത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്

Update: 2024-04-06 07:26 GMT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി സൃഷ്ടിക്കുന്ന കണ്ടന്റ് ഉപയോഗിച്ച് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചൈന ഇടപെടല്‍ നടത്താന്‍ സാധ്യതയുണ്ടെന്നു മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം തന്നെയാണ് യുഎസ്സിലും ദക്ഷിണ കൊറിയയിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ രാജ്യങ്ങളിലും ചൈന ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ സാധ്യതയുണ്ടെന്നു മൈക്രോസോഫ്റ്റ് അറിയിച്ചു.

സമീപകാലത്ത്, തായ്‌വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ, ഫലത്തെ സ്വാധീനിക്കാന്‍ ചൈന എഐ ഉപയോഗിച്ചു പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണു മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് രംഗത്തുവന്നത്.

പൊതുജനാഭിപ്രായം ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ സോഷ്യല്‍ മീഡിയ വഴി എഐയുടെ സഹായത്തോടെ സൃഷ്ടിച്ച കണ്ടന്റ് പ്രചരിപ്പിക്കാനായിരിക്കും ചൈനയുടെ ശ്രമം.

ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയുള്ള സൈബര്‍ ഗ്രൂപ്പുകളും ഉത്തര കൊറിയയില്‍ നിന്നുള്ള സൈബര്‍ സംഘങ്ങളും നിരവധി ദേശീയ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുമെന്ന് കരുതുന്നുണ്ട്.

ലോകമെമ്പാടും, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 64 രാജ്യങ്ങളില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ രാജ്യങ്ങളിലെ ജനസംഖ്യ മൊത്തത്തില്‍ ആഗോള ജനസംഖ്യയുടെ ഏകദേശം 49 ശതമാനം വരുന്നതാണ്.

' ഡീപ്‌ഫേക്കുകള്‍ ' അല്ലെങ്കില്‍ ഒരിക്കലും നടക്കാത്ത സംഭവങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത് ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റ് സൃഷ്ടിക്കുന്നതിന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രചാരണം നടത്തുമെന്നതാണ് വലിയ ഭീഷണി.

സ്ഥാനാര്‍ത്ഥികളുടെ പ്രസ്താവനകള്‍, വിവിധ വിഷയങ്ങളിലെ നിലപാടുകള്‍, ചില സംഭവങ്ങളുടെ ആധികാരികത എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇത്തരം തന്ത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഇതിലൂടെ വോട്ടിംഗ് സമയത്ത് കൃത്യ തീരുമാനമെടുക്കാനുള്ള വോട്ടര്‍മാരുടെ കഴിവിനെയാണു ദുര്‍ബലപ്പെടുത്തുന്നത്.

എഐ സൃഷ്ടിക്കുന്ന കണ്ടന്റിന്റെ ആഘാതം ഇപ്പോള്‍ കുറവായിരിക്കുമെന്നു കരുതുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന പരീക്ഷണങ്ങളിലൂടെ കാലക്രമേണ ആഘാതം കൂടുമെന്നാണു മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.

തായ് വന്‍ തിരഞ്ഞെടുപ്പ് നടന്ന സമയത്ത്, സ്റ്റോം 1376 എന്നറിയപ്പെടുന്ന ബീജിംഗ് പിന്തുണയുള്ള ഒരു സൈബര്‍ സംഘം സജീവമായിരുന്നു.

ഈ സംഘം ചില സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വോട്ടര്‍മാരുടെ ധാരണകളെ സ്വാധീനിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വ്യാജ ഓഡിയോ, മീം ഉള്‍പ്പെടെ എഐ സൃഷ്ടിച്ച കണ്ടന്റ് വന്‍തോതില്‍ പ്രചരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News