നാഗ്പൂരിൽ നിതിൻ ഗഡ്കരിയുടെ കോട്ട തകരുമോ?
- ഭരണ വിരുദ്ധ വികാരവും, ശക്തനായ കോൺഗ്രസ് സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിക്ക് വെല്ലുവിളിയായേക്കും
- പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- പ്രാദേശിക എംഎൽഎയായ താക്കറെ 20 വർഷത്തിലേറെയായി പാർട്ടിയുടെ നാഗ്പൂർ പ്രസിഡൻ്റാണ്.
നാഗ്പൂർ ലോക്‌സഭാ സീറ്റിലേക്ക് ബിജെപി തിരഞ്ഞെടുത്ത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക്, ഭരണവിരുദ്ധതയും ശക്തനായ കോൺഗ്രസ് സ്ഥാനാർത്ഥി വികാസ് താക്കറെയും ഉൾപ്പെടെ നിരവധി ഘടകങ്ങളാൽ ഇത്തവണ കടുത്ത പോരാട്ടം നേരിടേണ്ടി വരും.
പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാദേശിക എംഎൽഎയായ താക്കറെ 20 വർഷത്തിലേറെയായി പാർട്ടിയുടെ നാഗ്പൂർ പ്രസിഡൻ്റാണ്. മറ്റ് മൂന്ന് ലോക്‌സഭാ മണ്ഡലങ്ങൾക്കൊപ്പം നാഗ്പൂരിലും ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കും.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 26.2% വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവായ ഗഡ്കരി വിജയിച്ചത്. കോൺഗ്രസിൻ്റെ വിലാസ് മുട്ടംവാറിനെതിരെയാണ് അദ്ദേഹം 54 ശതമാനം വോട്ട് നേടിയത്. എന്നിരുന്നാലും, 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഗഡ്കരിയുടെ വിജയമാർജിൻ 18.3% ആയി കുറഞ്ഞു. നിയമസഭാ അടിസ്ഥാനത്തിൽ ഗഡ്കരി 55.9 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസിൻ്റെ നാനാ പട്ടോളിന് 37.6 ശതമാനം വോട്ട് ലഭിച്ചു. അഞ്ച് സെഗ്‌മെൻ്റുകളിൽ ബി.ജെ.പിക്ക് കാര്യമായ ലീഡ് ലഭിച്ചപ്പോൾ നാഗ്പൂർ നോർത്ത് എസ്.സി സംവരണ സീറ്റിൽ പട്ടോളിന് നേരിയ ലീഡ് ലഭിച്ചു.
നാഗ്പൂരിലെ പ്രശസ്തനായ മുഖമായിരുന്ന ഗഡ്കരി, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കോൺഗ്രസ് കോട്ടയെ തൻ്റെ തട്ടകമാക്കി മാറ്റി. അദ്ദേഹം ബിജെപിയേക്കാൾ ജനപ്രിയനാണ് എന്നത് എതിരാളികൾ വരെ സമ്മതിക്കുന്ന കാര്യമാണ്.
ബ്രാഹ്മണ സമുദായ അംഗമായിരുന്നിട്ടും, എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവവും ലിബറൽ രാഷ്ട്രീയവും അദ്ദേഹത്തിന് എല്ലാ ജാതികളിൽ നിന്നും വിശ്വസ്തരെ നേടിക്കൊടുത്തു. കൂടാതെ, എല്ലാ ഗതാഗത മാർഗ്ഗങ്ങളിലൂടെയും കണക്റ്റിവിറ്റി വർദ്ധിപ്പിച്ച് നാഗ്പൂർ നഗരവും അദ്ദേഹം വികസിപ്പിച്ചു.
"ഗഡ്കരിക്ക് മികച്ച രാഷ്ട്രീയക്കാരൻ എന്ന ടാഗ് ഉണ്ട്, പക്ഷേ താക്കറെയുടെ ശക്തമായ സാന്നിധ്യം കാരണം ഇത്തവണ യാത്ര സുഗമമല്ല. കൂടാതെ, അസംതൃപ്തരായ ആളുകളുടെ എണ്ണം കുതിച്ചുയരുന്നതോടെ പത്തുവർഷത്തെ ഭരണവിരുദ്ധതയും ഗഡ്കരിക്ക് എതിരാവും. താക്കറെ മറാത്തയുടെ ഉപജാതിയിൽ പെട്ടയാളാണ്. കാലക്രമേണ ബിജെപിയിലേക്ക് മാറിയ വോട്ടർമാരിൽ ഗണ്യമായ ഒരു വിഭാഗത്തെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരാൻ താക്കറെയ്ക്ക് കഴിയും. ദളിതരും മുസ്ലീങ്ങളും മണ്ഡലത്തിൽ ഗണ്യമായ സംഖ്യയുണ്ട്. താക്കറെയ്ക്ക് നഗരത്തിൽ ശക്തമായ ഒരു ശൃംഖലയുണ്ട്, അത് പ്രചാരണ വേളയിൽ ശക്തിപ്പെടുത്താൻ കഴിയും, ” രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നു.
മറുവശത്ത്, ഗഡ്കരി ആർഎസ്എസ് നെറ്റ്‌വർക്കിനെയും അദ്ദേഹത്തിൻ്റെ നല്ല പ്രതിച്ഛായയെയും മാത്രം ആശ്രയിക്കുന്നു. നാഗ്പൂർ പല കാരണങ്ങളാൽ വളരെ അഭിമാനകരമായ ഒരു സീറ്റാണ് - ആർഎസ്എസ് ആസ്ഥാനം - റെഷിം ബാഗ് ഈ മണ്ഡലത്തിലാണ്. ഗഡ്കരിയുടെ ലിബറൽ, പുരോഗമന രാഷ്ട്രീയത്തോടും, പ്രധാനമന്ത്രി മോഹത്തോടും ചില നേതാക്കൾക്ക് അതൃപ്തിയുള്ളതിനാൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകില്ലെന്ന ഊഹാപോഹങ്ങൾ പരന്നിരുന്നു. അതുകൊണ്ട് തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ ഗഡ്കരിക്കെതിരെ ചില അദൃശ്യ കരങ്ങൾ പ്രവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നാഗ്പൂരിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു. എന്തായാലും ഇത്തവണ ഗാഡ്കരിക്ക് വളരെ എളുപ്പത്തിൽ നാഗ്പൂരിൽ നിന്ന് ജയച്ചു കയറാനാകുമോ എന്ന് തീർച്ചപ്പെടുത്താറായിട്ടില്ല.