കോൺഗ്രസിൻ്റെ പത്താംപട്ടിക, കടപ്പയിൽ വൈ എസ് ശർമ്മിള; റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളില്ല
- കോൺഗ്രസിൻ്റെ പത്താംപട്ടികയിൽ 17 സ്ഥാനാർത്ഥികൾ, കടപ്പയിൽ വൈ എസ് ശർമ്മിള
- അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെയാണ് ഇത്തവണയും കോൺഗ്രസ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 17 സ്ഥാനാർത്ഥികളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെയാണ് ഇത്തവണയും കോൺഗ്രസ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. ഒഡീഷയിൽ നിന്നുള്ള എട്ട് സ്ഥാനാർത്ഥികളും ആന്ധ്രാപ്രദേശിൽ നിന്നുള്ള അഞ്ച് പേരും ബിഹാറിൽ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരാളുമാണ് ഏറ്റവും പുതിയ പട്ടികയിലുള്ളത്.
ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്നും പിസിസി അദ്ധ്യക്ഷ വൈ എസ് ശർമ്മിള റെഡ്ഡി ജനവിധി തേടും. ബിഹാറിലെ മഹാഖഡ്ബന്ധന്റെ ഭാഗമായി മത്സരിക്കുന്ന കോൺഗ്രസ് മൂന്ന് സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും കതിഹാറിൽ നിന്ന് മുതിർന്ന നേതാവ് താരിഖ് അൻവറും മത്സരിക്കും. ഭഗൽപൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് എംഎൽഎ അജീത് ശർമയാണ് മത്സരിക്കുക. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ നിന്ന് മുൻ വിദ്യാഭ്യാസ മന്ത്രി എം എം പള്ളം രാജുവിനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഒഡീഷയിലെ ബർഗഡിൽ നിന്ന് മുൻ ലോക്സഭാംഗം സഞ്ജയ് ഭോയി മത്സരിക്കും. പശ്ചിമ ബംഗാളിൽ ഒരു സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാർജിലിംഗിൽഡോ മുനിഷ് തമാങ്ങ് മത്സരിക്കും.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അകോല സീറ്റിൽ വഞ്ചിത് ബഹുജൻ ആഘാഡിയുടെ പ്രകാശ് അംബേദ്കർക്കെതിരെ കോൺഗ്രസ് അഭയ് കാശിനാഥിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയുമായുള്ള കോൺഗ്രസ് മുന്നണിയുടെ സഖ്യ സാധ്യതകൾക്കും വിരാമമിട്ടായിരുന്നു അകോലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം.