സംസ്ഥാനം 1,500 കോടി കൂടി കടമെടുക്കും

  • ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്തുതീര്‍ത്തു
  • നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രാനുമതി

Update: 2024-10-28 13:38 GMT

സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കൂടി വീണ്ടും കടമെടുക്കും. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള മൊത്തകടം 26,998 കോടി രൂപയാകും. കടമെടുപ്പ് സംബന്ധിച്ച് സി.എ.ജി മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനം വഴിയാണ് പണം കടമെടുക്കുക. വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കടമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 21,253 കോടി രൂപ മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലും ബാക്കിയുള്ളത് അടുത്ത കലണ്ടര്‍ വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയും എടുക്കാം.

ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്തുതീര്‍ത്തു. ഓണക്കാലത്തെ ചെലവുകള്‍ പ്രതിസന്ധിയിലാകുമെന്ന് കണ്ടതോടെ അര്‍ഹമായ വിഹിതത്തില്‍ നിന്നും കൂടുതല്‍ തുക കടമെടുക്കാന്‍ കേരളം അനുമതി തേടി. തുടര്‍ന്ന് കേന്ദ്രം അനുവദിച്ച 4,200 കോടി രൂപയും രണ്ട് ഘട്ടങ്ങളിലായി കേരളം എടുത്തു. ഇതോടെ ആകെ കടം 26,998 കോടി രൂപയായി വര്‍ധിച്ചു.

ബാക്കിയുള്ള അഞ്ച് മാസത്തേക്ക് ഇനി ശേഷിക്കുന്നത് 10,514 കോടി രൂപ മാത്രമാണ്. കടമെടുക്കാനുള്ള പരിധി കഴിയുന്നതോടെ അവസാന മാസങ്ങളിലെ ചെലവുകള്‍ക്ക് എന്തുചെയ്യുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

Tags:    

Similar News