വാഹന ഇറക്കുമതി നിരോധനം ശ്രീലങ്ക നീക്കി
- ഫെബ്രുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും
- ട്രക്കുകള്‍, ബസുകള്‍, ഡബിള്‍ ക്യാബുകള്‍ എന്നിവയാണ് ആദ്യഘട്ടത്തിനല് അനുവദിക്കുക
2020-ല്‍ ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം ശ്രീലങ്ക നീക്കി. ഫെബ്രുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കോവിഡ് 19 പാന്‍ഡെമിക് മൂലം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ട്രക്കുകള്‍, ബസുകള്‍, ഡബിള്‍ ക്യാബുകള്‍ എന്നിവ മാത്രമേ ആദ്യ ഘട്ടത്തില്‍ അനുവദിക്കു എന്ന് ഇറക്കുമതി നിരോധനം പിന്‍വലിച്ചതിനെക്കുറിച്ച് കാബിനറ്റ് വക്താവും മന്ത്രിയുമായ നളിന്ദ ജയതിസ്സ പറഞ്ഞു.
ആദ്യഘട്ടമായി വാഹന ഇറക്കുമതിക്കായി സര്‍ക്കാര്‍ 1.2 ബില്യണ്‍ യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് പ്രസിഡന്റ് ദിസനായകെ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ''സര്‍ക്കാര്‍ വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ കരുതല്‍ ധനം നിരീക്ഷിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ഈ ഇറക്കുമതി ഏത് നികുതിയില്‍ വരുമെന്ന് ഉടന്‍ പ്രഖ്യാപിക്കും.
2019-ല്‍, നിരോധനം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ശ്രീലങ്ക വാഹന ഇറക്കുമതിക്കായി 1.4 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചു. ഐഎംഎഫിന്റെ സഹായധനത്തിന്റെ പിന്‍ബലത്തില്‍ കൊളംബോ സാമ്പത്തിക തകര്‍ച്ചയില്‍നിന്നും ക്രമേണ കരകയറിവരികയാണ്. വിദേശ നാണ്യ ശേഖരം ഇപ്പോള്‍ ആറ് ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.
ഐഎംഎഫ് ബെയ്ലൗട്ടും അതിന്റെ കര്‍ക്കശമായ പരിഷ്കരണ വ്യവസ്ഥയും അനുസരിച്ച് 2022 ലെ മറ്റൊരു പേയ്മെന്റ് ബാലന്‍സ് പ്രതിസന്ധി ഒഴിവാക്കാന്‍ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നതിനുള്ള ലക്ഷ്യങ്ങള്‍ ശ്രീലങ്ക കൈവരിക്കേണ്ടതുണ്ട്.