ഇന്ത്യക്കെതിരെ താരിഫ് ഭീഷണിയുമായി വീണ്ടും ട്രംപ്

  • ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നു
  • യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത താരിഫ് ഏര്‍പ്പെടുത്തും
  • വ്യവസായങ്ങള്‍ യുഎസിലേക്ക് മടങ്ങിവരണം

Update: 2025-01-28 05:27 GMT

ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഭീഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങള്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നവയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്കയെ 'ദ്രോഹിക്കുന്ന' രാജ്യങ്ങള്‍ക്ക് യുഎസ് തീരുവ ചുമത്തുക തന്നെ ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.

അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി വ്യാപാരം നടത്താന്‍ അനുവദിക്കില്ല. ഫ്‌ലോറിഡ റിട്രീറ്റില്‍ ഹൗസ് റിപ്പബ്ലിക്കന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമേരിക്കയെ ഒന്നാമതെത്തിക്കുയാണ് ലക്ഷ്യം. അതിനായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമിത തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും. നമ്മുടെ ഖജനാവിലേക്ക് പണം വരാനും അമേരിക്ക വീണ്ടും വളരെ സമ്പന്നമാകാനും പോകുന്ന വളരെ ന്യായമായ ഒരു സംവിധാനമാണിത്' ട്രംപ് പറയുന്നു. അത് 'വളരെ വേഗത്തില്‍' സംഭവിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മുമ്പത്തേക്കാള്‍ സമ്പന്നവും ശക്തവുമാക്കുന്ന സംവിധാനത്തിലേക്ക് അമേരിക്ക മടങ്ങേണ്ട സമയമാണിതെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

വിദേശ രാജ്യങ്ങളെ സമ്പന്നരാക്കാന്‍ നമ്മുടെ പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിനുപകരം, നമ്മുടെ പൗരന്മാരെ സമ്പന്നരാക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് നികുതി ചുമത്തും, തന്റെ ഉദ്ഘാടന പ്രസംഗത്തെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ താരിഫ് വര്‍ധിക്കുന്നതിനനുസരിച്ച്, അമേരിക്കന്‍ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കുമുള്ള നികുതി കുറയുകയും ധാരാളം തൊഴിലവസരങ്ങളും ഫാക്ടറികളും നാട്ടിലേക്ക് വരുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മയായ ബ്രിക്സ് ഗ്രൂപ്പിന് 100 ശതമാനം താരിഫുകള്‍ ചുമത്തുന്നതിനെക്കുറിച്ച് ട്രംപ് നേരത്തെ തന്നെ സംസാരിച്ചിരുന്നു. താരിഫ് ഒഴിവാക്കണമെങ്കില്‍ യുഎസില്‍ വന്ന് നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കമ്പനികളോട് ട്രംപ് തന്റെ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു.

'നിങ്ങള്‍ക്ക് നികുതിയോ താരിഫുകളോ അടയ്ക്കുന്നത് നിര്‍ത്തണമെങ്കില്‍, അമേരിക്കയില്‍ തന്നെ നിങ്ങളുടെ പ്ലാന്റ് നിര്‍മ്മിക്കണം. അതാണ് റെക്കോര്‍ഡ് തലത്തില്‍ സംഭവിക്കാന്‍ പോകുന്നത്. മുമ്പ് ആരും വിഭാവനം ചെയ്തതിലും കൂടുതല്‍ പ്ലാന്റുകള്‍ അടുത്ത ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ നിര്‍മ്മിക്കാന്‍ പോകുകയാണ്, കാരണം അവര്‍ക്ക് താരിഫ് ഒന്നുമില്ലാത്തതിനാല്‍ പ്രോത്സാഹനം ഉണ്ടാകും', അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ, പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍സ്, അര്‍ദ്ധചാലകങ്ങള്‍, സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങളില്‍ യുഎസ് പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 

Tags:    

Similar News