ഇന്ത്യയും ഒമാനും ഇരട്ട നികുതി ഒഴിവാക്കും

  • നികുതി നടപടിക്രമങ്ങള്‍ ലഘൂകരിക്കല്‍, കൂടുതല്‍ സഹകരണം എന്നിവ കരാര്‍ ലക്ഷ്യമിടുന്നു
  • 2023 വരെ ഒമാനിലുള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം 750 മില്ല്യണ്‍ റിയാല്‍ ആണ്
  • 2024 വരെ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം 600 മില്ല്യണ്‍ റിയാല്‍ കടന്നു

Update: 2025-01-29 11:16 GMT

ഇന്ത്യ-ഒമാന്‍ വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരട്ട നികുതി ഒഴിവാക്കുന്നതിനായി ഉടമ്പടി ഭേദഗതി ചെയ്യും. ഇതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള നികുതി നടപടിക്രമങ്ങള്‍ ലഘൂകരിക്കല്‍, നികുതി കാര്യങ്ങളില്‍ കൂടുതല്‍ സഹകരണം പ്രോത്സാഹിപ്പിക്കല്‍ എന്നിവ കരാര്‍ വഴി സാധിക്കും.

വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ മസ്‌കറ്റ് സന്ദര്‍ശന വേളയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വ്യാപാര, നിക്ഷേപ ബന്ധം അവലോകനം ചെയ്യുന്നതിനായി ഇന്ത്യ - ഒമാന്‍ സംയുക്ത സമിതി പതിനൊന്നാമത് സെഷന്‍ സംഘടിപ്പിച്ചു. ഒമാന്‍ വാണിജ്യ,വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അല്‍ യൂസഫിന്റെയും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെയും നേതൃത്വത്തിലാണ് സെഷന്‍ സംഘടിപ്പിച്ചത്.

പുനരുപയോഗ ഊര്‍ജം, ടെക്നോളജി, ഹെല്‍ത്ത്കെയര്‍, ടൂറിസം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. 2023 വരെ ഒമാനിലുള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം 750 മില്ല്യണ്‍ റിയാല്‍ കവിഞ്ഞിരുന്നു. അതേസമയം, 2024 വരെ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം 600 മില്ല്യണ്‍ റിയാല്‍ കവിഞ്ഞു.

ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം വികസിപ്പിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ കൂടുതലാണെന്ന് ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News