തൊഴില്‍ പദ്ധതികള്‍ നിരവധി; പരിഹാരമില്ലാതെ തൊഴിലില്ലായ്മ

  • തൊഴിലില്ലായ്മ ദീര്‍ഘകാല നയ പരാജയങ്ങളുടെ ഫലം
  • തൊഴിലില്ലായ്മ എല്ലാ സര്‍ക്കാരുകളും എല്ലാക്കാലത്തും നേരിട്ടിരുന്ന പ്രതിസന്ധി
  • വ്യാവസായിക ആവശ്യങ്ങള്‍ക്കനുസൃതമായ വിദ്യാഭ്യാസം ലഭ്യമാകണം

Update: 2024-10-16 10:03 GMT

ഏറെക്കാലമായി രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര പ്രതിസന്ധികളിലൊന്നാണ് തൊഴിലില്ലായ്മ. മുന്‍കാലങ്ങളിലോ, ഇപ്പോഴോ ഒരു സര്‍ക്കാരിനും ഇത് മികച്ച രീതിയില്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പ്രശ്‌നം ഇന്നും ഗുരുതരമായി തുടരുകയാണ്.

മികച്ച സാമ്പത്തിക വളര്‍ച്ചയും ഒട്ടനവധി നടപടികളും ഉണ്ടായിട്ടും ദശലക്ഷക്കണക്കിന് യുവജനങ്ങള്‍ സ്ഥിരതയുള്ള തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. ഇതിന് പ്രധാന കാരണം രാജ്യത്തെ സവിശേഷമായ ചില പ്രശ്‌നങ്ങളാണ്. ഇവിടെ കാര്‍ഷികമേഖലയിലാണ് ഏകദേശം 46 ശതമാനം ആള്‍ക്കാര്‍ ജോലി ചെയ്യുന്നത്. അത് ഇന്നും തുടരുന്നു. ഗ്രാമീണ മേഖലകളില്‍ യുവജനങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. ഈ ജോലികള്‍ പലപ്പോഴും കുറഞ്ഞ വേതനമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. എങ്കിലും മിക്ക ഗ്രാമീണ യുവാക്കളും കൃഷിയെ ആശ്രയിക്കുന്നത് തുടരുകയാണ്.

അതേസമയം നഗരങ്ങളിലെ യുവാക്കള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരുന്നിട്ടും, അവരുടെ കഴിവുകള്‍ക്ക് അനുയോജ്യമായ വ്യവസായങ്ങളില്‍ ജോലി കണ്ടെത്താന്‍ പാടുപെടുന്നു. ഇത് കാലനുസൃതമായ നൈപുണ്യവികസനത്തിന്റെ അഭാവം വ്യക്തമാകുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ പ്രതിസന്ധി ദീര്‍ഘകാല നയ പരാജയങ്ങളുടെ ഫലമാണ്. യുവാക്കളുടെ നൈപുണ്യത്തിനായി രൂപകല്‍പന ചെയ്തിട്ടുള്ള സര്‍ക്കാര്‍ തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും സിലബസും ആവശ്യകത നിറവേറ്റുന്നതിനായി പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുകയാണ്.

വിദ്യാഭ്യാസമാണ് മറ്റൊരു നിര്‍ണായക വിഷയം. രാജ്യം പ്രതിവര്‍ഷം 1.5 ദശലക്ഷം എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്നുണ്ടെങ്കിലും, നൈപുണ്യ വിടവ് കാരണം 80 ശതമാനം വരെ തൊഴില്‍രഹിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2026-ഓടെ ഇന്ത്യ 1.4 മുതല്‍ 1.9 ദശലക്ഷം ടെക് പ്രൊഫഷണലുകളുടെ കുറവ് നേരിടേണ്ടിവരുമെന്ന് ഒരു നാസ്‌കോം റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കനുസൃതമായ വിദ്യാഭ്യാസം പലപ്പോഴും ലഭ്യമാകുന്നില്ല എന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.

സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുറം ഇതിന് വൈകാരികമായ ആഘാതങ്ങളുമുണ്ട്. എത്ര തൊഴിലവസരങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് മാത്രമല്ല, ആ ജോലികള്‍ സ്ഥിരതയും പ്രതീക്ഷയും നല്‍കുന്നുണ്ടോ എന്നത് ചോദ്യമായി നിലനില്‍ക്കുന്നു.

നിലവില്‍ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എളുപ്പമല്ല. എങ്കിലും മികച്ച നടപടികളിലൂടെ ആഘാതം കുറച്ച് ക്രമേണ വിപത്തിനെ മറികടക്കാന്‍ കഴിയുമെന്നേ പറയാനാകു. പ്രത്യേകിച്ചും ഇന്ത്യയേപ്പോലൊരു രാജ്യത്ത്.

അതിനുള്ള നടപടികള്‍ ആര് സ്വീകരിക്കുന്നുവോ അതാണ് ജനം ഇന്ന് ഉറ്റ് നോക്കുന്നത്. ഈ വിഷയം തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാനും സാധ്യതയേറെയാണ്.

Tags:    

Similar News