മധുരമുള്ള ഓഹരികള്‍; ഹല്‍ദിറാം സ്‌നാക്‌സിന് എന്താണ് പ്രത്യേകത?

  • ആഗോളതലത്തിലെ വന്‍ കമ്പനികള്‍ ഹല്‍ദിറാമിനു പിറകേ
  • ഒരു ചെറുകടയില്‍നിന്നും നൂറിലധികം രാജ്യങ്ങളിലേക്കുള്ള വളര്‍ച്ച
  • ഇന്ത്യന്‍ സ്വീറ്റ് മാര്‍ക്കറ്റില്‍ ഹല്‍ദിറാമിന്റെ വിഹിതം 35 ശതമാനം

Update: 2025-01-17 07:34 GMT

ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ് ഹല്‍ദിറാം. ഈ ബ്രാന്‍ഡ് പ്രശസ്തമായ സ്‌നാക്‌സ് വില്‍പ്പനക്കാരാണ് . എന്താണ് അവരെ പ്രശസ്തമാക്കുന്നത്? ആഗോളതലത്തിലെ വന്‍ കമ്പനികള്‍ ഹല്‍ദിറാം സ്‌നാക്‌സിന്റെ ഓഹരികള്‍ വാങ്ങാനായി കിണഞ്ഞു പരിശ്രമിക്കുന്നത് എന്തുകൊണ്ടാണ്?

രണ്ടു ദിവസം മുന്‍പാണ് പെപ്‌സികോ, ടെമാസെക്, ആല്‍ഫാ വേവ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഹല്‍ദിറാമിന്റെ ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുന്നതായി വാര്‍ത്തവന്നത്. അപ്പോള്‍ സ്വാഭാവികമായും ഉയരാവുന്ന ചോദ്യമാണ് എന്താണ് ആ കമ്പനിയുടെ പ്രത്യേകത എന്നത്.

ബിക്കാനീറില്‍ ഉള്ള ഒരു ചെറു കടയില്‍നിന്നുമാണ് ഹര്‍ദിറാം എന്ന ബ്രാന്‍ഡിന്റെ തുടക്കം. എന്നാല്‍ ഇന്ന് ഈ സ്ഥാപനം നൂറിലധികം രാജ്യങ്ങളിലേക്കാണ് വളര്‍ന്നത്. ബ്രാന്‍ഡിന്റെ വളര്‍ച്ച പ്രവചനാതീതമായിരുന്നു. ഇപ്പോള്‍ ആഗോള സ്‌നാക്‌സ് മാര്‍ക്കറ്റില്‍ മുന്‍പന്തിയിലുള്ള ഒരു സ്ഥാപനമാണ് ഹല്‍ദിറാം. വന്‍ കമ്പനികളെയും നിക്ഷേപകരെയും ഹല്‍ദിറാമിലേക്ക് ആകര്‍ഷിക്കുന്ന കാര്യവും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ജനപ്രീതിയും വിറ്റുവരവുമാണ്.

2023-ഓടുകൂടി ഇന്ത്യന്‍ സ്‌നാക് മാര്‍ക്കറ്റ് അതിവേഗ വളര്‍ച്ചപ്രാപിച്ചു. അന്ന് ഈ മേഖലയില്‍ നിന്നുള്ള വരുമാനം 42,694.9 കോടി രൂപയായിരുന്നു. ഇത് 2032 ആകുമ്പോള്‍ 95,521.8 കോടിയായി ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സ്വീറ്റ് മാര്‍ക്കറ്റില്‍ ഹല്‍ദിറാമിന്റെ വിഹിതം 35 ശതമാനമാണ്. മധുര ഇതര വിഭവങ്ങളുടെ വിഹിതം 36 ശതമാനവും. ഇത് ചെറിയൊരു നേട്ടമല്ല. കാലങ്ങള്‍കൊണ്ട് ആര്‍ജിച്ചെടുത്ത വിശ്വാസ്യതയുടെയും രുചി വൈവിധ്യങ്ങളുടെയും ആകെത്തുകയാണ്.

ഇത് ഹല്‍ദിറാമിനെ വേറിട്ടുനിര്‍ത്തുന്നു. സ്ഥാപനത്തിന് ഉയര്‍ന്ന മൂല്യവും കല്‍പ്പിക്കപ്പെടുന്നു. നംകീന്‍ പോലുള്ള ലഘുഭക്ഷണം മുതല്‍ റെഡി ടു ഈറ്റ് പാക്കേജ് ഫുഡ്‌സ് വരെ സ്ഥാപനത്തില്‍ ലഭിക്കും. തിരക്കേറിയ ജീവിതശൈലി കാരണം ഉപഭോക്താക്കള്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും കഴിക്കാന്‍ പാകത്തിലുള്ളതുമായ ഭക്ഷണ ഓപ്ഷനുകള്‍ തേടുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇതിനെവല്ലാം ഹല്‍ദിറാമില്‍ പരിഹാരമുണ്ട്.

എന്നാല്‍ കേവലം ഒരു ഭക്ഷണ ബ്രാന്‍ഡ് എന്നതിലുപരിയായി ഹല്‍ദിറാം ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നു. ഇന്ന് ഈ സ്ഥാപനം ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ ഇടയിലെ ഒരു വികാരം കൂടിയാണ്. ആളുകള്‍ക്ക് ബ്രാന്‍ഡിനോടുള്ള ഈ അടുപ്പവും വൈകാരിക ബന്ധവും വിശ്വാസവും ഹല്‍ദിറാമിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന വിലപ്പെട്ട ആസ്തികളാണ്.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത രാജ്യത്തെ നഗരങ്ങളില്‍ മാത്രമല്ല പ്രാദേശികതലങ്ങളിലും ഹല്‍ദിറാമിന് സാന്നിധ്യമുണ്ട് എന്നതാണ്. കൂടാതെ പ്രാദേശികമായ ഉല്‍പ്പന്നങ്ങളും ഇവിടെ സ്ഥാപനം ലഭ്യമാക്കുന്നു.

ഹല്‍ദിറാം ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതായും വിപണിയില്‍ സംസാരമുണ്ട്. സ്ഥാപനം പൊതുവിപണിയിലേക്കെത്തിയാല്‍ അതിന്റെ മൂല്യം കുതിച്ചുകയറുമെന്നും വിലയിരുത്തപ്പെടുന്നു. ഇതും ആഗോള കമ്പനികളെ ആകര്‍ഷിക്കുന്ന വസ്തുതയാണ്.

ഐപിഒ കമ്പനിയുടെ പ്രൊഫൈല്‍ ഉയര്‍ത്തുക മാത്രമല്ല ചെയ്യുക, വിപണിയില്‍ അതിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യും. കാരണം നിലവില്‍തന്നെ ദശലക്ഷങ്ങളുടെ പ്രിയ സ്ഥാപനമാണ് ഹല്‍ദിറാം. കൂടുതല്‍ ആരോഗ്യകരമായ സ്‌നാക്‌സ് നല്‍കുന്നതിനുള്ള സ്ഥാപനത്തിന്റെ ശ്രമങ്ങളിലേക്കാണ് വിദേശകമ്പനികള്‍ ഇപ്പോള്‍ എത്തുന്നത്. 

Tags:    

Similar News