ദാരിദ്ര്യം തുടച്ചുനീക്കാന്‍ ആഗോള വളര്‍ച്ച അപര്യാപ്തമെന്ന് ലോകബാങ്ക്
- 2025-ലും 2026-ലും ലോക സമ്പദ് വ്യവസ്ഥ 2.7 ശതമാനം വളരും
- വികസ്വര രാജ്യങ്ങളില്‍ വര്‍ഷങ്ങളായി വളര്‍ച്ച കുറയുന്നു
- ഇന്ത്യയും ചൈനയും മാത്രമാണ് മികച്ച വളര്‍ച്ച നേടുന്നത്
ആഗോള സമ്പദ് വ്യവസ്ഥ ക്രമാനുഗതമായി വളരുകയാണ്, ഏറ്റവും ദരിദ്രരായ ആളുകള്‍ക്ക് ആശ്വാസം പകരാന്‍ ഇത് പര്യാപ്തമല്ലെന്നും ലോകബാങ്ക്. 2025-ലും 2026-ലും ലോക സമ്പദ്വ്യവസ്ഥ 2.7 ശതമാനം വികസിക്കുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. ഇത് ശ്രദ്ധേയമായ സ്ഥിരതയുള്ള പ്രകടനമാണ്. എന്നാല്‍ ഈ വളര്‍ച്ചാ നിരക്ക് 2010-2019 ശരാശരിയേക്കാള്‍ 0.4 ശതമാനം താഴെയാണെന്നും ഗ്ലോബല്‍ ഇക്കണോമിക്സ് പ്രോസ്പെക്ട്സ് റിപ്പോര്‍ട്ട് വിലയിരുത്തി.
രണ്ട് വര്‍ഷം മുമ്പ് 8 ശതമാനത്തിന് മുകളിലായിരുന്ന ആഗോള പണപ്പെരുപ്പം, 2025-ലും 2026-ലും സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യങ്ങള്‍ക്ക് സമീപം ശരാശരി 2.7 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
189 അംഗരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ലോകബാങ്ക്, ദരിദ്ര സമ്പദ്വ്യവസ്ഥകള്‍ക്ക് ഗ്രാന്റുകളും കുറഞ്ഞ നിരക്കിലുള്ള വായ്പകളും നല്‍കിക്കൊണ്ട് ദാരിദ്ര്യം കുറയ്ക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ശ്രമിക്കുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വളര്‍ച്ച ഈ വര്‍ഷം 4.1 ശതമാനത്തില്‍ വരുമെന്നും 2026 ല്‍ 4 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.
വികസ്വര രാജ്യങ്ങളില്‍ വര്‍ഷങ്ങളായി വളര്‍ച്ച കുറയുകയാണെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. ഇതില്‍ ചൈനയും ഇന്ത്യയും മാത്രമാണ് മികച്ച കുതിപ്പ് നടത്തുന്നത്. മന്ദഗതിയിലുള്ള നിക്ഷേപം, ഉയര്‍ന്ന കടബാധ്യത, കാലാവസ്ഥാ വ്യതിയാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍, അവരുടെ കയറ്റുമതിയെ ദോഷകരമായി ബാധിക്കുന്ന സംരക്ഷണവാദം എന്നിവയാല്‍ അവരുടെ സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുന്നു.
'അടുത്ത 25 വര്‍ഷം വികസ്വര സമ്പദ്വ്യവസ്ഥകള്‍ക്ക് കഴിഞ്ഞ 25 വര്‍ഷത്തേക്കാള്‍ കഠിനമായ സാഹചര്യമായിരിക്കും,' ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്‍ഡെര്‍മിറ്റ് ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ലോകത്തില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിലെ വളര്‍ച്ച മൂന്നുശതമാനമോ അതിനു തൊട്ടുമുകളിലോ മാത്രമാണ്. ഗാസ, സുഡാന്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവിടെ വ്യക്തിയുടെ വാര്‍ഷിക വരുമാനം 1,145 ഡോളറില്‍ താഴെയാണ്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ വളര്‍ച്ച ഈ വര്‍ഷം 5.7 ശതമാനത്തിലേക്കും 2026 ല്‍ 5.9 ശതമാനത്തിലേക്കും തിരിച്ചുവരുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയുടെ കാഴ്ചപ്പാട് ലോകബാങ്ക് അടയാളപ്പെടുത്തി. യുഎസിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഈ വര്‍ഷം 2.3 ശതമാനം വര്‍ദ്ധിക്കുമെന്ന് ഇത് ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. അത് 2024 ലെ 2.8 ശതമാനത്തില്‍ നിന്ന് കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ ബാങ്ക് പ്രവചിച്ച 1.8 ശതമാനത്തില്‍ നിന്ന് ഉയരുകയും ചെയ്തു. ശക്തമായ ഉപഭോക്തൃ ചെലവ്, തൊഴില്‍ ക്ഷാമം ലഘൂകരിച്ച കുടിയേറ്റക്കാരുടെ ഒഴുക്ക്, ഉല്‍പ്പാദനക്ഷമതയിലെ പുരോഗതി എന്നിവ യുഎസ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
നേരെമറിച്ച് യൂറോപ്പ് സാവധാനമാണ് വികസിക്കുന്നത്. യൂറോ കറന്‍സി പങ്കിടുന്ന 20 രാജ്യങ്ങള്‍ക്കുള്ള ജിഡിപി വളര്‍ച്ചാ പ്രവചനം ജൂണില്‍ പ്രവചിച്ച 1.4 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 1 ശതമാനമായി ലോകബാങ്ക് താഴ്ത്തി.
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനീസ് സമ്പദ്വ്യവസ്ഥയില്‍ ഇടിവുനേരിടുമെന്നും ലോകബാങ്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 4.9 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2025 ല്‍ 4.5 ശതമാനമായും 2026 ല്‍ 4 ശതമാനമായും വളര്‍ച്ച കുറയും.
ചൈനയുടെ റിയല്‍ എസ്റ്റേറ്റ് വിപണി തകര്‍ന്നതാണ് ബെയ്ജിംഗിന് ഏറ്റവും വ ലിയ തിരിച്ചടി ആയത്. ഇത് ഉപഭോക്താക്കളുടെ മനോവീര്യം കെടുത്തുകയും അവരുടെ ചെലവുകള്‍ നിയന്ത്രിക്കുകയും ചെയ്തു. എന്നാല്‍ ഫാക്ടറികളിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള ചൈനീസ് കയറ്റുമതിയും നിക്ഷേപവും ശക്തമാണ്.
അതേസമയം, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുന്നു. ഈ വര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യ 6.7 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.