കടം നിയന്ത്രിക്കുന്നതിൽ കേരളം മുന്നിൽ; പ്രശ്നം മൂലധനത്തിന്റെ വകയിരുത്തൽ
- സാമ്പത്തിക വർഷം 2016-2022 കാലയളവിൽ, അതായത് കഴിഞ്ഞ ആറ് വർഷത്തിൽ, കേരളത്തിന്റെ ബാധ്യതകൾ 107 ശതമാനം മാത്രമാണ് വളർന്നത്:
- നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ, സംസ്ഥാനത്തിന്റെ ആകെ ചെലവ് 88,775 കോടി രൂപയായി ഉയർന്നു. എന്നാൽ, മൊത്തം മൂലധനച്ചെലവാകട്ടെ അതിന്റെ വെറും 8 ശതമാനത്തിനടുത്ത്, അതായത് 7,223 കോടി രൂപ മാത്രമാണ്,
തിരുവനന്തപുരം: പൊതുവെ കരുതപ്പെടുന്ന പോലെ കേരളത്തിന്റെ കടം അതിവേഗം വളരുകയാണോ?
അല്ല എന്ന് പറയേണ്ടി വരും. 2016-2022 ലെ കണക്കുകൾ വളരെ 'സൂക്ഷ്‌മമായി പരിശോധിച്ചാൽ' കേരളത്തിന്റെ കടത്തിന്റെ (ബാധ്യതകൾ) വളർച്ച മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ഏറ്റവും മന്ദഗതിയിലായിരുന്നു എന്ന് കാണാനാവും..
എന്നിരുന്നാലും, ധന വിനിയോഗത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന് ഗുരുതരമായ പ്രശ്‌നമുണ്ട്, അതിനാലാണ് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഏറ്റവും കൂടുതൽ കടം/ജിഡിപി (debt/gdp) അനുപാതമുള്ള (അതായത് ഏകദേശം 38 ശതമാനം), സംസ്ഥാനമായി, തുടരുന്നത്.
സാമ്പത്തിക വർഷം 2016-2022 കാലയളവിൽ, അതായത് കഴിഞ്ഞ വർഷത്തിൽ, കേരളത്തിന്റെ ബാധ്യതകൾ 107 ശതമാനം മാത്രമാണ് വളർന്നത്: 2016 മാർച്ച് അവസാനം 1.62 ലക്ഷം കോടി രൂപയായിരുന്നത് 2022 മാർച്ച് 31 ആയപ്പോഴേക്കും 3.36 ലക്ഷം കോടി രൂപയായി വളർന്നു.
ഈ കാലയളവിൽ, തെലങ്കാനയുടെ ബാധ്യതകൾ 245 ശതമാനം ഉയർന്ന് വെറും 90,523 കോടി രൂപയിൽ നിന്ന് 3.12 ലക്ഷം കോടി രൂപയായി; തമിഴ്‌നാടിന്റേത് 189 ശതമാനം വർധിച്ചപ്പോൾ ആന്ധ്രാപ്രദേശിന്റേത് ഉയർന്നത് 170 ശതമാനവും കർണാടകയുടെത് 147 ശതമാനം വർദ്ധനവോടെ 4.62 ലക്ഷം കോടി രൂപയുമായി.
എവിടെയാണ് കേരളം പിഴച്ചത്?
വിഖ്യാതരായ പല സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായത്തിൽ, വളരെ കുറഞ്ഞ മൂലധനച്ചെലവ് കാരണം ശക്തവും സുസ്ഥിരവുമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ കേരളം പരാജയപ്പെടുകയാണ്. ഇത് ജിഡിപിയിൽ മന്ദഗതിയിലുള്ള വളർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കാം.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ (FY23) ഏപ്രിൽ-ഒക്ടോബർ കാലയളവിൽ, സംസ്ഥാനത്തിന്റെ ആകെ ചെലവ് 88,775 കോടി രൂപയായി ഉയർന്നു. എന്നാൽ, മൊത്തം മൂലധനച്ചെലവാകട്ടെ അതിന്റെ വെറും 8.13 ശതമാനത്തിനടുത്ത്, അതായത് 7,223 കോടി രൂപ മാത്രമാണ്,
കൂടാതെ, ഇക്കാലയളവിൽ സംസ്ഥാനം കടമെടുത്ത 18,705 കോടി രൂപയുടെ 38.6 ശതമാനം മാത്രമാണ് ഇതുവരെ മൂലധനച്ചെലവിനായി ഉപയോഗിച്ചിരിക്കുന്നത്; അതായത്. കടമെടുത്തതിന്റെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും റവന്യൂ ചെലവുകൾക്കായി നീക്കിവച്ചിരിക്കുന്നു എന്ന് കാണാം.
ഇതിലൊക്കെ കൂടുതൽ ഗൗരവമായ കാര്യം, നടപ്പു സാമ്പത്തിക വർഷം ഈ കാലയളവിൽ ബാധ്യതകൾ നിറവേറ്റുന്നതിനായി സംസ്ഥാനം നൽകിയ പലിശയായ 12,700 കോടി രൂപയിലും താഴെയാണ് മൂലധനച്ചെലവ് എന്നതാണ്;അതായത് വെറും 7,223 കോടി രൂപ.
2021-22 സാമ്പത്തിക വർഷത്തിലും (FY22) സ്ഥിതി സമാനമാണ്, കടമെടുത്തതിന്റെ 32 ശതമാനം മാത്രമാണ് മൂലധന ചെലവിനായി ഉപയോഗിച്ചത്, ഇത് സാമ്പത്തിക വർഷത്തിലെ (FY22) മൊത്തം ചെലവിന്റെ 8.82 ശതമാനം മാത്രമാണ്.
“ഇത് തികച്ചും അപലപനീയമാണ്" ഒരു പ്രമുഖ സാമ്പത്തിക വിദഗ്ധൻ പറഞ്ഞു.
"പലിശ ചെലവിന്റെ നാലിലൊന്ന് പോലും മൂലധനച്ചെലവിനായി നീക്കിവെക്കാൻ സംസ്ഥാനത്തിന് കഴിയാത്തത് വളരെ ഖേദകരമാണ്, കേരളത്തിന്റെ എക്കാലവും ഉയർന്നുകൊണ്ടിരിക്കുന്ന സുസ്ഥിരമല്ലാത്ത കടം/ജിഡിപി (debt/gdp) അനുപാതമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മറ്റ് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാളും വളരെ ഉയർന്നതാണിതെന്ന് മാത്രമല്ല ഏതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും ഏറ്റവും ഉയർന്നതുമാണിത്” സംസ്ഥാനത്തിന്റെ പൊതു ധനകാര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹം തുടർന്നു.
കടം/ജിഡിപി അനുപാതം
കേരളത്തിലെ ജിഡിപി വളർച്ച ഈ വർഷങ്ങളിലെല്ലാം ബാധ്യതകളിലെ വളർച്ചയെക്കാൾ വളരെ പിന്നിലാണ്, 2022 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ സംസ്ഥാനത്തിന്റെ ജിഡിപി/കടം അനുപാതം 37.25 ശതമാനമായി.
ഏറ്റവും കുറഞ്ഞ ജിഡിപി/കടം അനുപാതം കർണാടകയ്ക്കാണ്; 22.41 ശതമാനം. അതിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2016 സാമ്പത്തിക വർഷത്തിലെ 1.86 ലക്ഷം കോടി രൂപയിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 11 ഗുണിതങ്ങളായി ഉയർന്ന് 20.49 ലക്ഷം കോടി രൂപയായി.
അതേസമയം, ഇതേ കാലയളവിൽ കർണാടകയുടെ ജിഡിപി വളർച്ചയുടെ പകുതി മാത്രമായിരുന്നു കേരളത്തിന്റെ ജിഡിപി വളർച്ച.
(ചാർട്ടിൽ കാണിച്ചിരിക്കുന്ന വിശദമായ കടം/ജിഡിപി അനുപാതങ്ങൾ).