നേരിട്ടുള്ള വിദേശ നിക്ഷേപം; കുതിപ്പുതുടര്‍ന്ന് ഇന്ത്യ

  • കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് എത്തിയത് 49.3 ബില്യണ്‍ ഡോളര്‍
  • പുതിയ പദ്ധതികളിലേക്കാണ് നിക്ഷേപത്തിന്റെ ഒഴുക്ക്
  • കോവിഡ് കാലത്ത് എത്തിയത് 64 ബില്യണ്‍ ഡോളര്‍

Update: 2023-07-06 05:39 GMT

വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഈ കാലഘട്ടത്തില്‍ ഒരു സമ്പദ് വ്യവസ്ഥക്ക് മുന്നേറണമെങ്കില്‍ അവിടെ വിദേശ നിക്ഷേപം അനിവാര്യമായ ഘടകവുമാണ്. വിദേശ നിക്ഷേപ രംഗം പരിശോധിക്കുമ്പോള്‍ ഇന്ത്യ ഇന്ന് ഏറെ പ്രിയങ്കരമായ രാജ്യമായി മാറിയിരിക്കുന്നു. ഏറെ അഭിമാനാര്‍ഹമായ വളര്‍ച്ചയാണ് നാം ഈ രംഗത്ത് നേടിയിട്ടുള്ളത്.

നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യം ഇന്ന് ഏറെ പ്രിയങ്കരമായി എന്നുപറയാം. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറി .

രാജ്യത്തെ ഗ്രീന്‍ഫീല്‍ഡ് (പുതിയ) പദ്ധതികളില്‍ ആണ് നിക്ഷേപത്തിന്റെ ഒഴുക്ക് കാണാനാവുക. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം 2021-ല്‍ 44.7 ബില്യണ്‍ ഡോളര്‍അയിരുന്നു. അതില്‍നിന്ന് 10 ശതമാനം ഉയര്‍ന്ന് 2022-ല്‍ 49.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് പുറത്തിറക്കിയ വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസിലേക്കും യുകെയിലേക്കുമുള്ള വിദേശ നിക്ഷേപത്തേക്കാള്‍ കുറവാണ് ഇത്. ഇന്ത്യയിലെ ഗ്രീന്‍ഫീല്‍ഡ്-അല്ലെങ്കില്‍ പുതിയ-പദ്ധതികളിലെ വിദേശ നിക്ഷേപത്തില്‍ കുത്തനെയുള്ള വര്‍ധനവിന് പുറമേ, 2022-ല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അന്താരാഷ്ട്ര പ്രോജക്റ്റ് ഫിനാന്‍സ് സ്വീകര്‍ത്താവ് ഇന്ത്യയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിവിധ രാജ്യങ്ങളിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്ക് അന്താരാഷ്ട്ര വായ്പക്കാര്‍ കടമോ ഇക്വിറ്റിയോ നല്‍കുന്നതാണ് ഇന്റര്‍നാഷണല്‍ പ്രോജക്ട് ഫിനാന്‍സ്.

എങ്കിലും കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കെത്തിയ നിക്ഷേപം കോവിഡ് കാലത്തെത്തെക്കാള്‍ കുറവാണ്. 2020 ല്‍ 64 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ ആണ് രാജ്യത്തെത്തിയത്. കിഴക്കും മധ്യേഷ്യയും ഒഴികെയുള്ള മിക്ക പ്രദേശങ്ങളും പ്രഖ്യാപിച്ച ഗ്രീന്‍ഫീല്‍ഡ് പദ്ധതികളില്‍ വര്‍ധന രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഏറ്റവും ഉയര്‍ന്ന വളര്‍ച്ച ദക്ഷിണേഷ്യയിലായിരുന്നു. ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ ഇരട്ടിയിലധികമായി. ഇത് 2022ല്‍ 1008ആയിരുന്നു.

പ്രഖ്യാപിത ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ക്കും അന്താരാഷ്ട്ര പ്രോജക്ട് ഫിനാന്‍സ് ഡീലുകള്‍ക്കും ഏറ്റവും കൂടുതല്‍ ആതിഥേയത്വം വഹിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ്. അതിനുശേഷം ബ്രിട്ടന്‍, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജര്‍മ്മനി എന്നീരാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഗീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ക്കായി ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, സ്പെയിന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളും കൂടുതലായി ശ്രമിക്കുന്നുണ്ട്.

ഇന്ത്യയില്‍ പദ്ധതിപ്രഖ്യാപനങ്ങള്‍ക്ക് പത്ത് ശതമാനം വളര്‍ച്ചയുണ്ടായി. ആസിയാന്റെ കണക്കെടുക്കുമ്പോള്‍ ഇത് അഞ്ച് ശതമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എഫ്ഡിഐ സ്വീകര്‍ത്താക്കളായ ചൈനയില്‍ അഞ്ചുശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

19 ബില്യണ്‍ ഡോളറിന് ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് ഫാക്ടറികളിലൊന്ന് നിര്‍മ്മിക്കാനുള്ള ഫോക്സ്‌കോണിന്റെയും വേദാന്ത റിസോഴ്സിന്റെയും പദ്ധതികളും ടോട്ടല്‍ എനര്‍ജീസിന്റെയും (ഫ്രാന്‍സ്) അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഗ്രീന്‍ ഹൈഡ്രജനില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അഞ്ച് ബില്യണ്‍ ഡോളറിന്റെ പദ്ധതിയും ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നു.

പ്രോജക്ട് ഫിനാന്‍സ് ഡീലുകളില്‍ പോസ്‌കോയും (റിപ്പബ്ലിക് ഓഫ് കൊറിയ) അദാനി ഗ്രൂപ്പും ഗുജറാത്തില്‍ അഞ്ച് ബില്യണ്‍ ഡോളറിന് സ്റ്റീല്‍ മില്ലിന്റെ നിര്‍മ്മാണം സ്‌പോണ്‍സര്‍ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

പോസ്‌കോ ഒരു ദക്ഷിണ കൊറിയന്‍ സ്റ്റീല്‍ നിര്‍മ്മാണ ഭീമനാണ്. അദാനി ഗ്രൂപ്പിന്റെ ബിസിനസുകളില്‍ തുറമുഖങ്ങള്‍, ഹരിത ഊര്‍ജ്ജം, പ്രകൃതി വാതകം, വിമാനത്താവളങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഭൂരിഭാഗം പ്രദേശങ്ങളിലും അന്താരാഷ്ട്ര പ്രോജക്ട് ഫിനാന്‍സ് ഡീലുകളുടെ എണ്ണം വര്‍ധിച്ചു. പദ്ധതികളുടെ എണ്ണം പരിശോധിച്ചാല്‍ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ച ഇന്ത്യയിലാണ്. ഇവിടെ 64 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

വിദേശ നിക്ഷേപത്തില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തിയപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപങ്ങളുടെ ഒഴുക്കിലും വളര്‍ച്ച രേഖപ്പെടുത്തി. റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ബഹുരാഷ്ട്ര സംരംഭങ്ങളുടെ ഗ്രീന്‍ഫീല്‍ഡ് പദ്ധതി പ്രഖ്യാപനങ്ങള്‍ മൂന്നിരട്ടിയായി 42 ബില്യണ്‍ ഡോളറായി.

Tags:    

Similar News