ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചാ മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്
- ജാപ്പനീസ് ബ്രോക്കറേജായ നോമുറയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
- ആര്‍ബിഐ പ്രഖ്യാപിച്ച ജിഡിപി വളര്‍ച്ച അമിത ശുഭാപ്തിവിശ്വാസമെന്നും നോമുറ
- ലിസ്റ്റുചെയ്ത നോണ്‍-ഫിനാന്‍ഷ്യല്‍ കോര്‍പ്പറേറ്റുകളുടെ ശമ്പളവും വേതന ചെലവും 2.5 ശതമാനം കുറഞ്ഞു
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചാ മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പനികള്‍ ശമ്പളം വെട്ടികുറയ്ക്കുന്നതായും ജാപ്പനീസ് ബ്രോക്കറേജായ നോമുറ പറയുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളര്‍ച്ചാ മാന്ദ്യത്തിന്റെ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും റിസര്‍വ് ബാങ്കിന്റെ 7.2 ശതമാനം ജിഡിപി വിപുലീകരണം 'അമിത ശുഭാപ്തിവിശ്വാസം' ആണെന്നും ജാപ്പനീസ് ബ്രോക്കറേജായ നോമുറ റിപ്പോര്‍ട്ട് പറയുന്നു.
2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആര്‍ബിഐയുടെ പ്രവചനം 7.2 ശതമാനമെന്നത് ഞങ്ങളുടെ വീക്ഷണത്തില്‍ അമിതമായ ശുഭാപ്തിവിശ്വാസമാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനവും 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനവും ജിഡിപി വളര്‍ച്ചയാണ് പ്രവചിക്കപ്പെടുന്നത് ,' റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം 10.8 ശതമാനം വെട്ടിക്കുറച്ചതായും നോമുറ റിപ്പോര്‍ട്ട് പറയുന്നു.
' ലിസ്റ്റുചെയ്ത നോണ്‍-ഫിനാന്‍ഷ്യല്‍ കോര്‍പ്പറേറ്റുകളുടെ ശമ്പളവും വേതന ചെലവും ഈ സാമ്പത്തിക വര്‍ഷം 2.5 ശതമാനം കുറഞ്ഞു. ഇത് ദുര്‍ബലമായ തൊഴില്‍ ശക്തിയെ പ്രതിഫലിപ്പിക്കുന്നു,'' നോമുറ പറഞ്ഞു.
കോവിഡിന് ശേഷമുള്ള ഡിമാന്‍ഡിലെ കുതിച്ചുചാട്ടം മങ്ങി. പണനയം കടുപ്പമുള്ളതാണ്. സുരക്ഷിതമല്ലാത്ത വായ്പയ്ക്ക് എതിരെയുള്ള നടപടികള്‍ വ്യക്തിഗത വായ്പകളിലെ മാന്ദ്യത്തിലും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ വായ്പാ വളര്‍ച്ചയിലും പ്രതിഫലിക്കുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ താല്‍ക്കാലിക ഇടിവ് അനുഭവപ്പെടുന്നെന്നും, 2024-25 ന്റെ രണ്ടാം പാദത്തില്‍ സാമ്പത്തിക സൂചകങ്ങള്‍ മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബുള്ളറ്റിന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.