സമ്പദ് വ്യവസ്ഥയില്‍ 'സ്‌നോബോള്‍ ഇഫക്റ്റ്'; വേഗത്തിലുള്ള വളര്‍ച്ച പ്രവചിച്ച് ഡബ്ല്യുഇഎഫ്

  • കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തും
  • ആഗോള വളര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസമില്ലാതെ ഡബ്ല്യുഇഎഫ്
  • വരും വര്‍ഷങ്ങളില്‍ ദാരിദ്ര്യം തുടച്ചു നീക്കപ്പെടും

Update: 2023-05-26 08:14 GMT

ലോകത്തെ വന്‍കിട സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിഡന്റ് ബോര്‍ഗെ ബ്രെന്‍ഡെ അഭിപ്രായപ്പെടുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രശസ്തമായ 'സ്‌നോബോള്‍ ഇഫക്റ്റിന്' (വേഗത്തിലും ആഴത്തിലും പ്രാധാന്യത്തിലും വളരുന്ന സാഹചര്യം)സാക്ഷ്യം വഹിക്കുന്നു.

ഇത് കൂടുതല്‍ നിക്ഷേപം രാജ്യത്തേക്ക് ഒഴുകിയെത്താന്‍ കാരണമാകും.

രാജ്യത്തെ ചുവപ്പുനാട പ്രശ്‌നങ്ങള്‍ കുറയുന്നതിനുള്ള നടപടികള്‍ മുന്‍പുതന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതിലും ഡിജിറ്റല്‍ വിപ്ലവത്തിനും വഴിയൊരുക്കിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കി. രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ച് താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് ബ്രെന്‍ഡെ പറഞ്ഞു.

പക്ഷേ ആഗോള വളര്‍ച്ചയില്‍ ആ ശുഭാപ്തി വിശ്വാസം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജി20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡബ്ലിയുഇഎഫ് രാജ്യവുമായി അടുത്ത് സഹകരിക്കുന്നു.

സ്‌നോബോള്‍ ഉരുളാന്‍ തുടങ്ങുമ്പോള്‍, അത് വലുതാകുന്നു, വീണ്ടും വളരെ വലുതായിത്തീരുന്നു, അതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സംഭവിക്കുന്നത്.

രാജ്യത്തിന്റെ വളര്‍ച്ച കൂടുതല്‍ നിക്ഷേപങ്ങളിലേക്കും കൂടുതല്‍ തൊഴിലവസരങ്ങളിലേക്കും നയിക്കും.

വരും വര്‍ഷങ്ങളില്‍ ഇത് വലിയ വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കും.

കൂടുതല്‍ ദാരിദ്ര്യം തുടച്ചുനീക്കപ്പെടുകയും യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം നിങ്ങള്‍ കാണും-ന്യൂഡെല്‍ഹിയില്‍ ഒരു അഭിമുഖത്തില്‍ ബ്രെന്‍ഡെ പറഞ്ഞു.

ഇന്ത്യയില്‍ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ബ്രെന്‍ഡെ, നിലവിലുള്ള സഹകരണങ്ങളെക്കുറിച്ചും ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനത്തെക്കുറിച്ചും അധികൃതരുമായി ചര്‍ച്ച നടത്തി. വിവിധ കേന്ദ്ര മന്ത്രിമാരുമായും കമ്പനി എക്‌സിക്യൂട്ടീവുകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

'വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇത് സംരംഭകരും പുതുമയുള്ളവരും അഭിപ്രായ സ്വാതന്ത്ര്യവും ഉള്ള ഒരു തുറന്ന സമൂഹം കൂടിയാണ്,' അദ്ദേഹം പറഞ്ഞു.

കൂടാതെ, മറ്റേതൊരു വികസ്വര രാജ്യത്തേക്കാളും ഇന്ത്യയ്ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ വിശാലമായ ആവാസവ്യവസ്ഥയുണ്ടെന്നും അത് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബ്രെന്‍ഡെ എടുത്തുപറഞ്ഞു. ഇത് മറ്റ് രാജ്യങ്ങള്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഇഎഫ് പൊതു സ്വകാര്യ സഹകരണത്തിനുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്. കൂടാതെ പ്രശ്‌സ്തമായ ദാവോസ് വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുന്നത് ഡബ്ല്യുഇഎഫ് ആണ്. ആഗോള ഉന്നതരുടെ ഏറ്റവും വലിയ സഭയെന്ന വിശേഷണവും ഇതിനുണ്ട്.

ആഗോള, പ്രാദേശിക, വ്യാവസായിക അജണ്ടകള്‍ രൂപപ്പെടുത്തുന്നതിന് സമൂഹത്തിലെ മുന്‍നിര രാഷ്ട്രീയ, ബിസിനസ്, സാംസ്‌കാരിക നേതാക്കളെ ഫോറം ഉള്‍പ്പെടുത്തുന്നു.

ഫോറം ഇന്ത്യക്ക് ഈ വര്‍ഷം ഏകദേശം ആറ് ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

പ്രത്യേകിച്ച് പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ ഇന്ത്യ മുന്നേറുമെന്ന് ഫോറം വിലയിരുത്തുന്നു. നമുക്ക് യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സമയമില്ലെന്നും അദ്ദേഹം പറയുന്നു.

നവീകരണ അജണ്ടയില്‍ തുടരാനുള്ള നടപടികള്‍ രാജ്യം സ്വീകരിക്കണം. അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും വിവിധ മേഖലകളെ കൂടുതല്‍ മികച്ച രീതിയില്‍ ബന്ധിപ്പിക്കുകയും വേണം.

വിദ്യാഭ്യാസം, നൈപുണ്യവികസനം, ശരിയായ വൈദഗ്ധ്യം എന്നിവയില്‍ ഇന്ത്യയ്ക്ക് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും ബ്രെന്‍ഡെ പറഞ്ഞു.

Tags:    

Similar News