ഷ്‌നൈഡര്‍ ഇലക്ട്രിക് ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കും
- ഗോയല്‍ ഷ്‌നൈഡര്‍ ഇലക്ട്രിക് സിഇഒയുമായി കൂടിക്കാഴ്ച നടത്തി
- കമ്പനിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം ആഭ്യന്തര വില്‍പ്പനയ്ക്കും കയറ്റുമതിക്കും ഉപയോഗിക്കും
- കമ്പനിക്ക് ഇന്ത്യയിലുടനീളം 30 ഫാക്ടറികളുണ്ട്
റിയാദില്‍ ഷ്‌നൈഡര്‍ ഇലക്ട്രിക് സിഇഒ പീറ്റര്‍ ഹെര്‍വെക്കുമായി വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ ഇന്ത്യയിലേക്കുള്ള നിക്ഷേപ പദ്ധതികള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ചനടത്തി. സൗദി അറേബ്യയുമായി തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനും വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവക്കായി പുതു വഴികള്‍ തേടാനുമാണ് മന്ത്രി റിയാദിലെത്തിയത്.
ഷ്‌നൈഡര്‍ ഇലക്ട്രിക്, 2026-ഓടെ 3,200 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കും. കമ്പനി ഇന്ത്യയെ ആഭ്യന്തര വില്‍പ്പനയ്ക്കും കയറ്റുമതിക്കും ഉള്ള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റും. ഇതിന്റെ ഭാഗമായി കമ്പനിയുടെ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യയിലുടനീളം നിര്‍മാണ സൗകര്യങ്ങള്‍ സ്ഥാപിക്കും.
നിലവില്‍ കമ്പനിക്ക് ഇന്ത്യയിലുടനീളം 30 ഫാക്ടറികളുണ്ട്.
ആഗോള വളര്‍ച്ചാ നിക്ഷേപ സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക് ചെയര്‍മാനും സിഇഒയുമായ വില്യം ഇ ഫോര്‍ഡുമായും മന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യയുടെ ആരോഗ്യ പരിപാലന മേഖലയുമായി, പ്രത്യേകിച്ച് ഉപഭോക്തൃ കേന്ദ്രീകൃത ആരോഗ്യ സംരംഭങ്ങളില്‍ സഹകരിക്കാനുള്ള കമ്പനിയുടെ സാധ്യതകള്‍ അവര്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ മറ്റ് വിവിധ മേഖലകളിലും അവരുടെ നിക്ഷേപം വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ ഗോയല്‍ ആരായുകയും ചെയ്തു.