' ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സത്യത്തിന്റെ പ്രസ്താവനയായി കാണേണ്ടതില്ല ' സുപ്രീം കോടതി
ഹിന്‍ഡന്‍ബര്‍ഗ് 2023 ജനുവരി 24-നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സത്യത്തിന്റെ പ്രസ്താവനയായി കാണേണ്ടതില്ലെന്നു സുപ്രീം കോടതി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വസ്തുതാപരമായ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള ഹര്‍ജിക്കാരുടെ അപേക്ഷ കേള്‍ക്കവേയാണ് ഇന്ന് (നവംബര്‍ 24) സുപ്രീം കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
അദാനിയുമായി ബന്ധപ്പെട്ട 2014 മുതലുള്ള വിശദാംശങ്ങള്‍ ഉള്ളവരാണു മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. എന്നാല്‍ സെബിയുടെ നടപടികള്‍ സംശയാസ്പദമാണെന്നു ഹര്‍ജിക്കാര്‍ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) 2014-ല്‍ സെബി ചെയര്‍മാനുമായി വിശദാംശങ്ങള്‍ പങ്കിട്ടിരുന്നതായും ഹര്‍ജിക്കാര്‍ പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നും അതിനാലാണ് ഇക്കാര്യം അന്വേഷിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയോട് നിര്‍ദേശിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിപണിയിലുണ്ടായ ചാഞ്ചാട്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ സെബി എന്ത് നടപടികള്‍ സ്വീകരിച്ചെന്നു കോടതി ആരാഞ്ഞു.
ഓഹരി കൃത്രിമത്വം നടന്നെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് 2023 ജനുവരി 24-നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇതുവരെ സാക്ഷ്യം വഹിക്കാത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിട്ടത്.
അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. ഗ്രൂപ്പിന്റെ വിപണി മൂല്യം അഥവാ എം ക്യാപ് കൂപ്പുകുത്തുകയും ചെയ്തു.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഇനി നീട്ടേണ്ട ആവശ്യമില്ലെന്നു സെബി ഇന്നു സുപ്രീം കോടതിയെ അറിയിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സെബിയുടെ അന്വേഷണം പൂര്‍ത്തിയായി വരികയാണെന്നും 24 കേസുകളില്‍ 22 എണ്ണം പൂര്‍ത്തിയായിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഓഹരിയില്‍ കൃത്രിമത്വം നടന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച
പൊതുതാത്പര്യ ഹര്‍ജിയിലാണു ഓഗസ്റ്റ് 14-നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെബിയോട് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഓഗസ്റ്റ് 25 വരെ സമയം നീട്ടിത്തരണമെന്നു സെബി അഭ്യര്‍ഥിച്ചു.