സ്‌പെയ്‌ഡെക്‌സ് ദൗത്യം വിജയം; ഇന്ത്യ നേട്ടം കൈവരിക്കുന്ന നാലാം രാജ്യം

  • രണ്ടുതവണ മാറ്റിവെച്ച ദൗത്യമാണ് ഐ.എസ്.ആര്‍.ഒ. ഇന്ന് വിജയകരമാക്കിയത്
  • ദൗത്യത്തിന്റെ ഭാഗമായി ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ത്തത്

Update: 2025-01-16 11:13 GMT

ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പെയ്‌ഡെക്‌സ് ദൗത്യം ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അതേസമയം ശ്രീഹരിക്കോട്ടയില്‍ മൂന്നാമത്തെ റോക്കറ്റ് ലോഞ്ച് പാഡിന് കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി.

ചന്ദ്രയാന്‍ 4, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യം, സ്വന്തം ബഹിരാകാശ നിലയം എന്നി ഭാവി ലക്ഷ്യങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് സ്‌പേസ് ഡോക്കിങ് എക്‌സിപിരിമെന്റ് എന്ന സ്‌പെയ്‌ഡെക്‌സ് പരീക്ഷണം. രണ്ടുതവണ മാറ്റിവെച്ച ദൗത്യമാണ് ഐ.എസ്.ആര്‍.ഒ. ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ എലൈറ്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി.

ഇന്ന് രാവിലെയാണ് സ്‌പെയ്ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ത്തത്. ഡിസംബര്‍ 30-നാണ് സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന്് സ്പെയ്‌ഡെക്‌സ് ദൗത്യത്തിനുള്ള ഇരട്ട ഉപഗ്രങ്ങളെ വഹിച്ച് പിഎസ്എല്‍വി സി 60 റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് ഏകദേശം 475 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ഒന്നിച്ചത്. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അകലത്തിലെത്തിക്കാനുള്ള ശ്രമം ആദ്യം പാളിയിരുന്നു. ഇതേ തുടര്‍ന്ന് ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവെച്ചു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അകലത്തിലേക്കും പിന്നീട് മൂന്ന് മീറ്ററിലേക്കും എത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചത്.

അതേസമയം ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള മൂന്നാമത്തെ വിക്ഷേപണത്തറയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. 3,984.86 കോടിരൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ലോഞ്ച്പാഡിന്റെ നിര്‍മ്മാണം 48 മാസം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 

Tags:    

Similar News