ഇസ്മാര്‍ട്ടു ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ ഡിക്‌സണ്‍ ടെക്നോളജീസ്
മുന്‍നിര കരാര്‍ നിര്‍മ്മാതാക്കളായ ഡിക്സണ്‍ ടെക്നോളജീസ് (ഇന്ത്യ) ഇലക്ട്രോണിക്സ്, മൊബൈല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണ കമ്പനിയായ ഇസ്മാര്‍ട്ടു ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കും.
ഇസ്മാര്‍ട്ടു സിംഗപ്പൂര്‍, ട്രാന്‍സ്ഷന്‍ ടെക്നോളജി ലിമിറ്റഡ്, 5എ അഡൈ്വസേഴ്സ് എല്‍എല്‍പി എന്നിവയില്‍ നിന്ന് ആദ്യഘട്ടത്തില്‍ 50.10 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ കമ്പനി ഓഹരി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഓഹരി വാങ്ങല്‍ കരാറിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ക്ലോസിംഗിന് മുമ്പും ക്ലോസിങ്ങിനു ശേഷവും ക്രമീകരണങ്ങള്‍ക്ക് വിധേയമായി, 238.36 കോടി രൂപയുടെ മൊത്തം പ്രാരംഭ പരിഗണന തുകയ്ക്ക് ട്രഞ്ച് I ഓഹരികള്‍ കമ്പനി ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.
'ഇറ്റെല്‍', 'ഇന്‍ഫിനിക്‌സ്', 'ടെക്‌നോ' എന്നീ ബ്രാന്‍ഡ് നാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്മാര്‍ട്ടുവിന് നോയിഡയില്‍ മൂന്ന് നിര്‍മ്മാണ സൗകര്യങ്ങളുണ്ട്. കൂടാതെ ഇന്ത്യയിലെ ഫീച്ചര്‍ ഫോണുകളുടെ വിഭാഗങ്ങളിലെ വിപണിയില്‍ മുന്‍നിരയിലുമാണ് കമ്പനി.
ഈ ബിസിനസ്സ് വിഭാഗത്തില്‍ വളരുന്നതിനും തന്ത്രപരമായ ലക്ഷ്യങ്ങളും ബിസിനസ്സ് വിപുലീകരണവും കൈവരിക്കുന്നതിനുമുള്ള ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ തന്ത്രത്തിന് അനുസൃതമായാണ് ഏറ്റെടുക്കലെന്ന് ഡിക്‌സണ്‍ ടെക്‌നോളജീസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
2023 സാമ്പത്തിക വര്‍ഷത്തില്‍ 6,235 കോടി രൂപയുടെ വിറ്റുവരവാണ് ഇസ്മാര്‍ട്ടു ഇന്ത്യ രേഖപ്പെടുത്തിയത്. ഷെയര്‍ പര്‍ച്ചേഴ്സ് എഗ്രിമെന്റ് നടപ്പിലാക്കിയ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ട്രഞ്ച് 1 ല്‍ 50.10 ശതമാനം ഓഹരി സ്വന്തമാക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
കരാറിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി ആവശ്യമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഇസ്മാര്‍ട്ടു ഇന്ത്യയില്‍ 1.60 ശതമാനം മുതല്‍ 5.90 ശതമാനം വരെ അധിക ഓഹരികള്‍ സ്വന്തമാക്കാന്‍ ഡിക്സണിന് അവകാശമുണ്ട്. അത് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും.
'2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ടാര്‍ഗെറ്റ് കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 20 മടങ്ങ് മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ 2026-27-ല്‍ ട്രഞ്ച് II ഓഹരികള്‍ കമ്പനി ഏറ്റെടുക്കും.
ഉപഭോക്തൃ ഡ്യൂറബിള്‍സ്, ലൈറ്റിംഗ്, മൊബൈല്‍ ഫോണ്‍ വിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സ്വദേശ സ്ഥാപനമാണ്
ഡിക്‌സണ്‍ ടെക്നോളജീസ് (ഇന്ത്യ). 2023 സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ വരുമാനം 6,997.40 കോടി രൂപയായിരുന്നു.