ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് 28 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു
ഒക്ടോബര്‍-സെപ്റ്റംബര്‍ കാലയളവാണ് ഡിസ്‌നിയുടെ സാമ്പത്തിക വര്‍ഷം;

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് ഇന്ത്യയില്‍ നഷ്ടപ്പെട്ടത് 28 ലക്ഷം വരിക്കാരെ. ഇതോടെ ഹോട്ട്സ്റ്റാറിന്റെ വരിക്കാര്‍ ഇപ്പോള്‍ 37.6 ദശലക്ഷമായി ചുരുങ്ങി. മുന്‍ പാദത്തില്‍ 40.4 ദശലക്ഷം വരിക്കാരുണ്ടായിരുന്നു.
ഒക്ടോബര്‍-സെപ്റ്റംബര്‍ കാലയളവാണ് ഡിസ്‌നിയുടെ സാമ്പത്തിക വര്‍ഷം.
മാധ്യമ, വിനോദ രംഗത്തെ ഭീമനും യുഎസ് കമ്പനിയുമായ ഡിസ്‌നി പ്ലസിനാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ സ്ട്രീമിംഗ് അവകാശം ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ബിസിനസ് മോശമാണെങ്കിലും ഡിസ്‌നി പ്ലസിന് ആഗോളതലത്തില്‍ നേട്ടമുണ്ടാക്കാനായി. സെപ്റ്റംബര്‍ പാദത്തില്‍ ആഗോളതലത്തില്‍ ഏഴ് ശതമാനം വളര്‍ച്ച നേടിയതോടെ വരിക്കാരുടെ എണ്ണം ഇപ്പോള്‍ 112.6 ദശലക്ഷമായി.
അതേസമയം, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യയിലെ ബിസിനസ്സായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനെ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം ഇതു സംബന്ധിച്ച പ്രഖ്യാപനം റിലയന്‍സും ഡിസ്‌നിയും നടത്തുമെന്നും സൂചനയുണ്ട്.