ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ചൈനീസ് പൗരന്‍ അറസ്റ്റില്‍

  • വിവിധ സംസ്ഥാനങ്ങളിലായി 100 കോടിയുടെ തട്ടിപ്പ് നടന്നതായി സൂചന
  • വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് തട്ടിപ്പ്
  • സ്റ്റോക്ക് മാര്‍ക്കറ്റ് പരിശീലന സെഷനുകള്‍ നല്‍കുമെന്നും വാഗ്ദാനം

Update: 2024-11-19 10:51 GMT

വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി 100 കോടി രൂപയുടെ ഓണ്‍ലൈന്‍ ട്രേഡിങ്ങ് തട്ടിപ്പില്‍ ചൈനക്കാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. 43.5 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ് കേസില്‍ ഫാങ് ചെന്‍ജിന്‍ എന്ന ചൈനീസ് പൗരനാണ് ഷഹ്ദാര സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നടത്തുന്ന ഓണ്‍ലൈന്‍ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പുകളിലും പ്രതിക്ക് പങ്കുള്ളതായി ഡല്‍ഹി സൈബര്‍ പോലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ പ്രതികള്‍ വിവിധ സംസ്ഥാനങ്ങളിലായി 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന.

വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നടത്തുന്ന ഓണ്‍ലൈന്‍ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പുകളില്‍ ഫാങ് ചെന്‍ജിന്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ജൂലൈയില്‍ പൊലീസിന് ലഭിച്ച പരാതിയില്‍ 43.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം നേടാനായി സ്റ്റോക്ക് മാര്‍ക്കറ്റ് പരിശീലന സെഷനുകള്‍ നല്‍കുമെന്ന വ്യാജേന തട്ടിപ്പിനിരയാക്കിയതായി പരാതിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ നിയന്ത്രണത്തിലുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.

ആന്ധ്രാപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും സൈബര്‍ ക്രൈം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളുമായി കൂടുതല്‍ അന്വേഷണം ചെന്‍ജിനിലക്ക് തിരിയുകയായിരുന്നു.

സൈബര്‍ ക്രൈം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 17 ഓളം പരാതികള്‍ ഒരേ ഫിന്‍കെയര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു . ഇതിനെ തുടര്‍ന്നാണ് ചെന്‍ജിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ അറസ്റ്റിന് പിന്നാലെ, തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയതില്‍ ഇയാളുടെ പങ്ക് വ്യക്തമാക്കുന്ന മൊബൈല്‍ ഫോണും വാട്ട്സ്ആപ്പ് ചാറ്റ് ലോഗുകളും ഉള്‍പ്പെടെയുള്ള കുറ്റകരമായ തെളിവുകള്‍ പോലീസ് കണ്ടെടുത്തു.

Tags:    

Similar News