ബംഗ്ലാദേശില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുന്നു

  • ചൈനീസ് നാവികസേനയുടെ ബംഗ്ലാദേശിലെ സന്ദര്‍ശനം ഇന്ത്യയില്‍ ആശങ്ക സൃഷ്ടിക്കുന്നു
  • ഇന്ത്യയുടെ അയല്‍ രാജ്യങ്ങളെ തങ്ങളുടെ സ്വാധീനത്തില്‍ ഉള്‍പ്പെടുത്തുകയാണ് ബെയ്ജിംഗ്
  • അതുവഴി പ്രതിരോധ വ്യാപാരവും തങ്ങളുടെ താവളവും ചൈന ഉറപ്പാക്കുന്നു

Update: 2024-10-20 10:20 GMT

കഴിഞ്ഞ ശനിയാഴ്ച (ഒക്ടോബര്‍ 12) ചൈനീസ് നാവികസേനയുടെ കപ്പലുകള്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ഇടക്കാല സര്‍ക്കാര്‍ ഓഗസ്റ്റില്‍ ചുമതലയേറ്റ ശേഷം ആദ്യമായാണ് ഒരു വിദേശ കപ്പല്‍ ദക്ഷിണേഷ്യന്‍ രാജ്യത്ത് ഡോക്ക് ചെയ്തത്.

മൂന്ന് ദിവസത്തെ 'ഗുഡ്വില്‍ വിസിറ്റില്‍' ചൈനീസ് നാവിക പരിശീലന കപ്പലായ ക്വി ജിഗ്വാങ്ങും ആംഫിബിയസ് ഡോക്ക് ലാന്‍ഡിംഗ് കപ്പലും ചിറ്റഗോങ്ങില്‍ നങ്കൂരമിട്ടു. സമീപകാല രാഷ്ട്രീയ മാറ്റങ്ങള്‍ പരിഗണിക്കാതെ തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെ തുടരുമെന്ന് ഈ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നുവെന്ന് ബംഗ്ലാദേശിലെ ചൈനയുടെ അംബാസഡര്‍ യാവോ വെന്‍ പറഞ്ഞു.

ചൈനീസ് നാവികസേനയുടെ സന്ദര്‍ശനം ഇന്ത്യയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യാ അനുകൂല മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റം കാരണം. ബംഗ്ലാദേശില്‍ തങ്ങളുടെ സ്വാധീനം വിപുലപ്പെടുത്താന്‍ ചൈന ശ്രമിച്ചേക്കുമെന്ന് ആശങ്കയുണ്ട്. പ്രത്യേകിച്ചും പുതിയ സര്‍ക്കാര്‍ ഇന്ത്യാ വിരുദ്ധ സൂചനകളാണ് നല്‍കുന്നത്.

മാലിദ്വീപ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെ ഇന്ത്യയുടെ സ്വാധീനവലയത്തില്‍ നിന്ന് അകറ്റാന്‍ ചൈന നേരത്തെ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബെയ്ജിംഗ് അനുകൂലി മുഹമ്മദ് മുയിസു 'ഇന്ത്യ ഔട്ട്' എന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മാലിദ്വീപിന്റെ പ്രസിഡന്റായി. നേപ്പാളില്‍, ചൈന അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ട കെപി ശര്‍മ ഒലി ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രിയായി തിരിച്ചെത്തി.

ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യയോട് സ്വാഭാവിക ചായ്വ് കാണിക്കാനിടയില്ല.

ബംഗ്ലദേശില്‍ ബെയ്ജിംഗിന്റെ തുടര്‍ച്ചയായ ബില്‍ഡ്-അപ്പിന്റെ ഭാഗമായി ചൈനീസ് നാവികസേനയുടെ സന്ദര്‍ശനം ഇന്ത്യ കണ്ടേക്കുമെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയുടെ നാഷണല്‍ സെക്യൂരിറ്റി കോളേജിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയ ഫ്രെഡറിക് ഗ്രേര്‍ സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞു. എന്നാല്‍ സന്ദര്‍ശനം തുടര്‍ച്ചയെ അടയാളപ്പെടുത്തുന്നുവെന്നും ധാക്കയുമായി ചൈന നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന ബന്ധത്തിന്റെ സ്വഭാവത്തില്‍ ഗുണപരമായ മാറ്റമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ചൈന വര്‍ധിപ്പിക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ റിസര്‍ച്ച് ഫെല്ലോ വിരാജ് സോളങ്കി പറഞ്ഞു.

ഈ മാസം ആദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന് സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും മാലിദ്വീപും സംയുക്ത ദര്‍ശന രേഖ പുറത്തിറക്കിയിരുന്നു.

ഇന്ത്യ എംക്യൂ-9ബി പ്രിഡേറ്റര്‍ ഡ്രോണുകള്‍ യുഎസില്‍ നിന്ന് വാങ്ങുന്നത് സമുദ്രമേഖലയിലെ ചൈനീസ് സാന്നിധ്യവുമായി ചേര്‍ത്ത് വായിക്കാം. പ്രിഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ അതിന്റെ നിരീക്ഷണം ഗണ്യമായി വര്‍ധിപ്പിക്കും.

ധാക്കയുമായുള്ള ഇടപഴകലുകള്‍ വര്‍ധിപ്പിക്കാനും ഇടക്കാല സര്‍ക്കാരുമായുള്ള സൈനിക ബന്ധം പുനരുജ്ജീവിപ്പിക്കാനും ചൈന താല്‍പ്പര്യപ്പെടുന്നതിനാല്‍ ബെയ്ജിംഗിന്റെ ബംഗ്ലാദേശുമായുള്ള ബന്ധം ഇന്ത്യ നിരീക്ഷിക്കും.

Tags:    

Similar News