ബഹിരാകാശത്തേക്ക് ചൈനയുടെ ആദ്യ സിവിലിയന്‍ സംഘം നാളെ പുറപ്പെടും

  • മൂന്നംഗ സംഘാംഗങ്ങള്‍ ചൈനയുടെ ടിയാംഗോങ് ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിക്കും.
  • ജിങ് ഹായ്‌പെങാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍
  • ബഹിരാകാശത്ത് നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന രാജ്യമാണ് ചൈന

Update: 2023-05-29 07:15 GMT

ബഹിരാകാശ പര്യവേക്ഷണത്തിന്റെ കാര്യത്തില്‍ റഷ്യയും അമേരിക്കയുമാണ് മുന്‍നിര സ്ഥാനം അലങ്കരിക്കുന്നത്. ഇക്കാര്യത്തില്‍ ചൈന വളരെ പിന്നിലായിരുന്നു. എന്നാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈന ബഹിരാകാശ പര്യവേക്ഷണത്തിനായി ബില്യന്‍ കണക്കിന് ഡോളര്‍ നിക്ഷേപിക്കുകയാണ് ഇപ്പോള്‍.

മെയ് 30-ന് (ചൊവ്വാഴ്ച) ടിയാംഗോങ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യ സിവിലിയന്‍ സംഘത്തെ അയയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണു ചൈനയുടെ ബഹിരാകാശ ഏജന്‍സി. ചൈന ഇതുവരെ ബഹിരാകാശത്തേക്ക് അയച്ച എല്ലാ യാത്രികരും ചൈനയുടെ സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അംഗങ്ങളായിരുന്നു.

പേലോഡ് (payload) വിദഗ്ധനും ബെയ്ജിംഗ് യൂണിവേഴ്സിറ്റി ഓഫ് എയ്‌റോനോട്ടിക്സ് ആന്‍ഡ് ആസ്‌ട്രോനോട്ടിക്സിലെ പ്രൊഫസറുമായ ഗുയി ഹൈച്ചാവോയെയാണ് ആദ്യത്തെ സിവിലിയന്‍ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഷെങ്‌സൗ-16 എന്ന (Shenzhou XVI mission) ബഹിരാകാശ ദൗത്യത്തില്‍ മൂന്ന് പേരാണ് ഉള്ളത്.

ജിങ് ഹായ്‌പെങാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. മെയ്-30ന് അദ്ദേഹം നടത്തുന്നത് നാലാമത്തെ ബഹിരാകാശ ദൗത്യമായിരിക്കും. ദൗത്യത്തിലെ മൂന്നാമന്‍ സു യാങ്‌സുവാണ്.

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന്് ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.31-നായിരിക്കും ബഹിരാകാശ യാത്ര ആരംഭിക്കുന്നത്.

ഗുയി ഹൈച്ചാവോയെയായിരിക്കും ബഹിരാകാശത്ത് പര്യവേക്ഷണം നടത്തുന്ന പ്രധാനി. മൂന്നംഗ സംഘാംഗങ്ങള്‍ ചൈനയുടെ ടിയാംഗോങ് ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിക്കും.

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മുന്‍നിരയിലേക്കെത്തുക എന്നത് ചൈനയുടെ ദീര്‍ഘകാല

സ്വപ്നമാണ്. ഇതിന് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ഭരണത്തില്‍ വേഗം വര്‍ധിച്ചു.

ചാന്ദ്ര പര്യവേക്ഷണത്തില്‍ ഒരു അടിത്തറ പണിയുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുമായി ചൈന മുന്നേറി. 2029-ഓടെ നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ ചാന്ദ്ര ദൗത്യത്തിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2030-ഓടെ ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികളെ ഇറക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.

ബഹിരാകാശത്ത് നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന രാജ്യമാണ് ചൈന. സമീപകാലത്ത് പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം ചൈന വിജയകരമായി പരീക്ഷിച്ചിരുന്നു.

Tags:    

Similar News