ഭിന്നതകള്‍ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: ചൈന

  • ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തും
  • ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ എത്തിച്ചേര്‍ന്ന സമവായം നടപ്പിലാക്കുക ചര്‍ച്ചയുടെ ലക്ഷ്യം

Update: 2024-12-17 10:26 GMT

ആശയവിനിമയത്തിലൂടെ പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഭിന്നതകള്‍ ആത്മാര്‍ത്ഥതയോടെയും സമഗ്രതയോടെയും കൈകാര്യം ചെയ്യുന്നതിനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈന.

അതിര്‍ത്തി പ്രശ്നങ്ങളില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചകളെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ഇക്കാര്യം പറഞ്ഞത്.

നാല് വര്‍ഷം മുമ്പ് അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ബന്ധം വഷളാക്കിയതിന് ശേഷം അവരുടെ 'പ്രത്യേക പ്രതിനിധി സംഭാഷണ' സംവിധാനത്തിന് കീഴിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി വാങ്ങും ഡോവലും ബുധനാഴ്ച ബെയ്ജിംഗില്‍ കൂടിക്കാഴ്ച നടത്തും.

'ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ എത്തിച്ചേര്‍ന്ന സുപ്രധാന സമവായം നടപ്പിലാക്കുന്നതിനും പരസ്പരം പ്രധാന താല്‍പ്പര്യങ്ങളെയും പ്രധാന ആശങ്കകളെയും ബഹുമാനിക്കുന്നതിനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണ്,' മന്ത്രാലയത്തിന്റെ പതിവ് പത്രസമ്മേളനത്തില്‍ ലിന്‍ പറഞ്ഞു.

ആശയവിനിമയം വര്‍ധിപ്പിക്കാനും വൈരുദ്ധ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാനും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സമ്മതിച്ചിരുന്നു. ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും സുസ്ഥിരമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് അവര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Tags:    

Similar News