'ശ്രുതിക്ക് ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം' പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Update: 2024-10-03 08:39 GMT

വയനാട്  ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനും നഷ്ടമായ ശ്രുതിക്ക് ജോലി നല്കാൻ മന്ത്രി സഭ യോഗം തീരുമാനിച്ചു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാനും മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നു മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. ഇവര്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നല്‍കും. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികളള്‍ ഉണ്ട്. ഇതില്‍ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ എന്ന നിലയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് . ഏറ്റവും അനുയോജ്യമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത് രണ്ട് സ്ഥലങ്ങളാണ്. ഒന്ന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്. രണ്ട്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ്. ഈ രണ്ടിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന്റെ നിയമ വശം പരിശോധിക്കുമെന്നും ആദ്യ ഘട്ടത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വയനാട് ദുരന്തത്തിൽ കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം നല്‍കിയിട്ടില്ല. സഹായം നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു എങ്കിലും പ്രത്യേക സഹായമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. എത്രയും വേഗം അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. 

Tags:    

Similar News