ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യും

  • വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്കെത്തിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു
  • വിവരങ്ങള്‍ ചോര്‍ത്തുന്ന വെബ്സൈറ്റുകള്‍ സാധാരണ ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിക്കുന്നു

Update: 2024-09-27 15:14 GMT

ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യും. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിയതായി ഐ ടി മന്ത്രാലയം.

ഓണ്‍ലൈനില്‍ ആധാര്‍, പാന്‍ കാര്‍ഡ് ഉള്‍പ്പെടെ ആളുകളുടെ വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന വെബ്സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുക. ജനങ്ങളുടെ സൈബര്‍ സുരക്ഷയും വ്യക്തിഗത ഡാറ്റയുടെ സംരക്ഷണവും സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായി ഐടി മന്ത്രാലയം പ്രതികരിച്ചു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉണ്ടായതിന് പിന്നാലെയാണ് നടപടി. ആളുകളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പുറത്താക്കപ്പെടുന്നത് ഒരേ സമയം വ്യക്തിഗത സുരക്ഷയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വെല്ലുവിളിയാണ്.

സ്റ്റാര്‍കിഡ്‌സ് ഡോട്ട് കോം,ഇന്ത്യന്‍ എറോ സ്‌പേസ് ആന്‍ഡ് എഞ്ചിനീയറിംഗ് ഡോട്ട് കോം, ഏഷ്യന്‍ ബാരിയാട്രിക് ഡോട്ട് കോം, തുടങ്ങിയ വെബ്സൈറ്റുകള്‍ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ ഗൂഗിള്‍ സെര്‍ച്ചിലൂടെ ഇത് ലഭിക്കുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ഇത്തരം വെബ്സൈറ്റ് ഉടമകള്‍ക്ക് ഐസിടി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയതായും ഐടി മന്ത്രാലയം വ്യക്തമാക്കി.

2023-ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്കെത്തിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചതായി ഐ ടി മന്ത്രാലയം അറിയിച്ചു.

Tags:    

Similar News