നിയമ വിരുദ്ധ ഉല്‍പ്പന്നം വിറ്റു; ആമസോണിനും ഫ്ളിപ്‍കാർട്ടിനും എതിരേ നോട്ടീസ്

  • വിനയായത് സീറ്റ് ബെല്‍റ്റ് സ്റ്റോപ്പര്‍ ക്ലിപ്പുകളുടെ വില്‍പ്പന
  • ഉപഭോക്താക്കളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയെന്ന് നിരീക്ഷണം

Update: 2023-05-12 10:25 GMT

2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 5 മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്‍ഫോമുകള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നോട്ടീസ്. കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ ഉണ്ടാകുന്ന അലാറം നിർത്തുന്നതിനായുള്ള ക്ലിപ്പുകള്‍ വില്‍പ്പനയ്ക്കു വെച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ആമസോണ്‍, ഫ്ളിപ്‍കാര്‍ട്ട്, സ്‍നാപ്‍ഡീല്‍, ഷോപ്പ് ക്ലൂസ്, മീഷോ എന്നീ പ്ലാറ്റ്‍ഫോമുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്.

ഈ ക്ലിപ്പുകള്‍ വില്‍ക്കുന്നതിലൂടെ ഉപഭോക്താവിന്‍റെ ജീവനിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്തുവെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇത്തരം ക്ലിപ്പുകളുടെ വില്‍പ്പന സംബന്ധിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നേരത്തേ ഒരു കത്തിലൂടെ ഉപഭോക്തൃ കാര്യ വകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ക്ലിപ്പുകളുടെ വില്‍പ്പന നിയമവിരുദ്ധമാണെന്നും അത് തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടം 138 പ്രകാരം സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കാനാകില്ല. മോട്ടോർ ഇന്‍ഷുറന്‍സ് ക്ലെയ്മുകളില്‍ തുക ലഭ്യമാകുന്നതിനും സീറ്റ് ബെല്‍റ്റ് അലാം സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ തടസമാകാറുണ്ട്. ഇത്തരം ക്ലിപ്പുകള്‍ ഉപയോഗിച്ചതിലൂടെ ക്ലൈം ഉന്നയിച്ച വ്യക്തി സുരക്ഷയില്‍ അലംഭാവം കാട്ടിയെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് വാദിക്കാനാകും. വളരേ സുഗമമായി ലഭ്യമാകുന്ന തരത്തില്‍ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ഇത് ലഭ്യമാകുന്നത് പ്രത്യക്ഷത്തില്‍ തന്നെ ഉപഭോക്തൃ സുരക്ഷയുടെ ലംഘനമാണെന്നാണ് സിസിപിഎ വിലയിരുത്തുന്നത്.

ചില വിൽപ്പനക്കാർ ഇത്തരം ക്ലിപ്പുകൾ മറ്റു പല വിഭാഗങ്ങളിലും ഉള്‍പ്പെടുത്തി വില്‍ക്കുന്നതായും സിസിപിഎ-യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുപ്പി തുറക്കാനുള്ള ഉപകരണം, സിഗരറ്റ് ലൈറ്റര്‍ എന്നിങ്ങനെയുള്ള ഉപയോഗങ്ങള്‍ കൂട്ടിയിണക്കിയാണ് ഇത് സാധ്യമാക്കുന്നത്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും അവയുടെ വില്‍പ്പന നിര്‍ത്തിവെക്കണമെന്നും നോട്ടീസില്‍ പ്ലാറ്റ്‍ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോട്ടോര്‍ വാഹനങ്ങളിലെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ പൂര്‍ണമായി അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം വില്‍പ്പനക്കാര്‍ക്കെതിരേ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കണമെന്നും അത്തരം വില്‍പ്പനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ സിസിപിഎ-യ്ക്കു കൈമാറണമെന്നും നോട്ടീസില്‍ നിഷ്‍കര്‍ഷിക്കുന്നു.

Tags:    

Similar News