കാർ വില്‍പ്പന റെക്കോഡ് സ്പീഡിൽ
2024 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായം 4.2 ദശലക്ഷം യൂണിറ്റിന്റെ റെക്കോര്‍ഡില്‍ എത്തും
സെപ്റ്റംബറില്‍ രാജ്യത്തെ കാര്‍ വില്‍പ്പന കൂടുതൽ വേഗത്തിലാകുമെന്നു സൂചന. പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക വില്‍പ്പനയെല്ലാം റെക്കോഡ് ഉയരത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ ഉത്സവ സീസണില്‍ ഉപഭോക്തൃ ഡിമാൻഡ് ഉയര്‍ന്നതും എസ് യുവി വിഭാഗത്തിലെ പുതിയ മോഡലുകള്‍ വിപണിയിലേക്കെത്തിയതുമാണ് വില്‍പ്പനയ്ക്ക് ഊര്‍ജ്ജം നല്‍കുന്നത്. വാഹന നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ 365,000 മുതല്‍ 370,000 വരെ യൂണിറ്റുകള്‍ ഡീലര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വ്യാവസായിക വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് സെപ്റ്റംബറിലെ വില്‍പ്പന എത്തുമെന്നാണ് കാര്‍ വ്യവസായ മേഖലയിലുള്ളവരുടെ അഭിപ്രായം. 2022 സെപ്റ്റംബറിലെ മൊത്ത വില്‍പ്പന 355,000 യൂണിറ്റ് വാഹനങ്ങളായിരുന്നു. ഈ വര്‍ഷം അത് 360,000 യൂണിറ്റിനെ മറികടക്കുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കി ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു.
ഇതിനോട് യോജിക്കുന്നതാണ് ഹ്യൂണ്ടായ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗിന്റെയും അഭിപ്രായം. സെപ്റ്റംബറില്‍ കമ്പനി പ്രതീക്ഷിക്കുന്നത് ഒമ്പത് ശതമാനം വളര്‍ച്ചയാണ്. പുതിയ ബുക്കിംഗ് വേഗത്തില്‍ കമ്പനിയെ തേടിയെത്തുന്നുണ്ട്. കമ്പനിയില്‍ നിന്നുള്ള പുതിയ എസ് യുവി എക്‌സറ്ററാണ് വളര്‍ച്ചയ്ക്ക് വേഗത നല്‍കുന്ന പ്രധാന ഘടകം. ഈ വര്‍ഷം 365,000 മുതല്‍ 368,000 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പനയുമായി (ആഢംബര കാറുകള്‍ ഉള്‍പ്പെടെ) വ്യവസായം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം വളര്‍ച്ച നേടുമെന്നും ഗാര്‍ഗ് അഭിപ്രായപ്പെടുന്നു.
സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള ശ്രാദ്ധ് ദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ 14 ന് ആരംഭിക്കുന്ന നവരാത്രിയോടെ ഉത്സവകാലം അതിന്റെ ഉച്ച സ്ഥായിലെത്തും. കാര്‍ നിര്‍മ്മാതാക്കള്‍ ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍ കൈമാറുന്ന ഏറ്റവും കാര്യക്ഷമമായ കാലവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ്. ഹിന്ദു കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള പതിനഞ്ച് ദിവസങ്ങള്‍ ശുഭകാര്യങ്ങള്‍ക്ക് അത്ര നല്ലതല്ല എന്നാണ് പറയുന്നത്.
ഒക്ടോബര്‍ പകുതി മുതല്‍ റീട്ടെയില്‍ വാഹന വില്‍പ്പനയില്‍ പ്രതീക്ഷിക്കുന്ന കുതിച്ചു ചാട്ടം കണക്കിലെടുത്ത് ഡീലര്‍മാര്‍ വാഹനങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കും. ഇത് മൊത്തക്കച്ചവടക്കാരെ പിന്നിലാക്കാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ അവസാനത്തില്‍ ഡീലര്‍ഷിപ്പുകളിലെ സ്റ്റോക്ക് 330,000 യൂണിറ്റിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018-19 വര്‍ഷത്തിലെ ഓഗസ്റ്റ് -നവംബര്‍ മാസങ്ങളിലാണ് ഇത്രയും വലിയ സ്‌റ്റോക്ക് അവസാനമായി ഡീലര്‍മാരുടെ പക്കല്‍ കണ്ടതെന്ന് ശ്രീവാസ്തവ വ്യക്തമാക്കുന്നു.
എന്നാല്‍, അടിസ്ഥാന ഡിമാന്‍ഡ് ശക്തമായതിനാല്‍ ഈ സ്റ്റോക്ക് നിലകള്‍ ആശങ്കാജനകമല്ല. മാത്രമല്ല 2019 സാമ്പത്തിക വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി 30 ദിവസത്തിനുള്ളിലെ ഇന്‍വെന്ററി മികച്ചതാണ്. അതേസമയം, ഡീലര്‍മാര്‍ക്കിടയില്‍ ഡിമാന്‍ഡ് അത്ര ആശങ്കാജനകമല്ല, എന്നാല്‍, ഉയര്‍ന്ന പ്രവര്‍ത്തന മൂലധനം ആവശ്യമുണ്ട്. ബാങ്കുകളില്‍ നിന്നുമാണ് ഇത് ലഭ്യമാക്കേണ്ടതെന്നു ഡീലര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഈ വര്‍ഷം പ്രവര്‍ത്തന മൂലധനം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. ഇവിടെ വാഹന വില്‍പ്പന 19 മാസമായി അതിവേഗം മുന്നേറുകയാണ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് പ്രതിമാസ വില്‍പ്പന 350,000 യൂണിറ്റ് കടക്കുന്നത്, സെപ്റ്റംബര്‍ പാദത്തിലെ മൊത്തം വില്‍പ്പന 1.08 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വില്‍പ്പന രണ്ട് ദശലക്ഷം യൂണിറ്റ് കടക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ മൂന്ന് മാസത്തെ നിലവിലെ ശരാശരി നിരക്ക് നിലനിര്‍ത്താന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയുമെങ്കില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായം 4.2 ദശലക്ഷം യൂണിറ്റിന്റെ റെക്കോര്‍ഡില്‍ എത്തും. കഴിഞ്ഞ പത്ത് വര്‍ഷത്തെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021, 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 16 ശതമാനം മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ മോഡലുകളെക്കാള്‍ സെഗ്മെന്റ് തിരിച്ചുള്ള നിരീക്ഷണമാണ് നല്ലത്. ചില മോഡല്‍ വാഹനങ്ങള്‍ക്ക് ഇപ്പോഴും നീണ്ട കാലയളവ് കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍, മറ്റ് ചിലതിന് ഇത് ആവശ്യമില്ലെന്നും അവ അധിക വിതരണത്തിലാണെന്നും ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു.