കാനഡയ്ക്കും മെക്‌സിക്കോയ്ക്കും അധിക തീരുവ ചൊവ്വാഴ്ച മുതല്‍
- ചൈനീസ് ഇറക്കുമതിക്ക് തീരുവ ഇരട്ടിയാക്കും
- അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍നിന്നുള്ള മയക്കുമരുന്ന് കടത്ത് അവസാനിപ്പിക്കണമെന്ന് ട്രംപ്
- അനധികൃത കുടിയേറ്റം ഇല്ലാതാക്കാനും യുഎസ് ശ്രമം
;
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുന്ന 10% തീരുവ ഇരട്ടിയാക്കാന്‍ യുഎസ് നീക്കം. ഇതിനു പുറമേ ചൊവ്വാഴ്ച മുതല്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവ ചുമത്താനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നു.
ഫെന്റനൈല്‍ പോലുള്ള നിരോധിത മയക്കുമരുന്നുകള്‍ വന്‍തോതില്‍ അമേരിക്കയിലേക്ക് കടത്തപ്പെടുന്നു എന്നതാണ് കര്‍ശന നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ട്രംപ് പറയുന്നു. ഇത് നിയന്ത്രണത്തിലാകുന്നതുവരെ നിര്‍ദ്ദിഷ്ട താരിഫുകള്‍ തുടരും.
അതിര്‍ത്തിവഴി നടക്കുന്ന അനധികൃത കുടിയേറ്റവും ട്രംപിന് കുപിതനാക്കുന്നു. മെക്‌സിക്കോ, കാനഡ എന്നീരാജ്യങ്ങളുടെ അതിര്‍ത്തിവഴി നിരവധി ജനങ്ങളാണ് യുഎസിലേക്ക് നുഴഞ്ഞുകടക്കുന്നത്. ഇതിനായി പ്രത്യേക ഏജന്‍സികള്‍ വരെ പ്രവര്‍ത്തിക്കുന്നു.
ഇറക്കുമതി നികുതി വര്‍ധിപ്പിച്ചാല്‍ പണപ്പെരുപ്പം കൂടുതല്‍ വഷളാകുമെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വാഹന മേഖലയും മറ്റ് ആഭ്യന്തര നിര്‍മ്മാതാക്കളും ഏറെ ബുദ്ധിമുട്ടേണ്ടിവരും. താരിഫ് വര്‍ദ്ധനവ് ആഗോള സമ്പദ്വ്യവസ്ഥയെ ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട് . എന്നാല്‍ അവസാന നിമിഷം ഇളവുകള്‍ നല്‍കുന്നതിനായി ട്രംപ് ചിലപ്പോഴൊക്കെ ആക്രമണ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.
താരിഫ് ഭീഷണി ഓഹരി വിപണിയെ ഭയപ്പെടുത്തി, വ്യാഴാഴ്ച എസ് & പി 500 സൂചിക 1.6% ഇടിഞ്ഞു. നവംബറില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ളതിനേക്കാള്‍ എസ് & പി 500 ഇപ്പോള്‍ 1.4% മാത്രം കൂടുതലാണ്.
അതേസമയം താരിഫ് വര്‍ധനയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ട്രംപ് തള്ളിക്കളഞ്ഞു.
മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25% തീരുവ ചുമത്താനാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. അതേസമയം കാനഡയില്‍നിന്നുള്ള എണ്ണ, വൈദ്യുതി തുടങ്ങിയവയക്ക് 10% നികുതി കുറയ്ക്കാനും പദ്ധതിയുണ്ട്.
പ്രശ്‌നം പരിഹരിക്കാന്‍ മെക്‌സിക്കോയും കാനഡയും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ ആഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന കാബിനറ്റ് തല യോഗങ്ങള്‍ക്ക് ശേഷം ട്രംപുമായി സംസാരിക്കാന്‍ കഴിയുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു.
മെക്‌സിക്കോയുടെ സുരക്ഷാ മേധാവികള്‍ അമേരിക്കന്‍ സഹപ്രവര്‍ത്തകരുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത് യുഎസില്‍ പ്രധാനപ്പെട്ട അറസ്റ്റുകള്‍ക്ക് വഴിയൊരുക്കും.
ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ചര്‍ച്ച ചെയ്ത സ്വതന്ത്ര വ്യാപാര ഉടമ്പടി സംരക്ഷിക്കുക എന്നതാണ് മെക്‌സിക്കോയുടെ ലക്ഷ്യമെന്ന് മക്‌സിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
അതേസമയം അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി തന്റെ രാജ്യം ഒരു ബില്യണിലധികം കനേഡിയന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ ആഴ്ച വാഷിംഗ്ടണിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.