ഇന്ത്യ സൈബര്‍ ചാരവൃത്തി നടത്തിയെന്ന് കാനഡ

  • വിഘടനവാദികളെ ട്രാക്ക് ചെയ്യാന്‍ ഇന്ത്യ സൈബര്‍ ടെക് ഉപയോഗിക്കുന്നു
  • കനേഡിയന്‍ ചാര സംഘടനയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്
  • ഇന്ത്യ വളര്‍ന്നുവരുന്ന സൈബര്‍ ഭീഷണിയെന്ന് കാനഡ

Update: 2024-11-02 06:03 GMT

ഇന്ത്യ സൈബര്‍ ചാരവൃത്തി നടത്തിയെന്ന് കാനഡ

വിഘടനവാദികളെ കണ്ടെത്താന്‍ ഇന്ത്യ സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായി കാനഡ. കനേഡിയന്‍ ചാര സംഘടനയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് സര്‍ക്കാരിന് നല്‍കിയത്.

കാനഡയുടെ കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (സിഎസ്ഇ) ഒരു റിപ്പോര്‍ട്ടില്‍, വിദേശത്ത് താമസിക്കുന്ന പ്രവര്‍ത്തകരെയും വിമതരെയും ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും ഇന്ത്യ സൈബര്‍ കഴിവുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. അതുപോലെ കനേഡിയന്‍ സര്‍ക്കാര്‍ നെറ്റ്വര്‍ക്കുകള്‍ക്കെതിരായ സൈബര്‍ ആക്രമണം ഇന്ത്യ ശക്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സിഖ് സമൂഹമാണ് കാനഡയിലുള്ളത്. കൂടാതെ ഒരു സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായുള്ള പ്രവര്‍ത്തനവും അവിടെ നടക്കുന്നു.

'ഇന്ത്യ വളര്‍ന്നുവരുന്ന (സൈബര്‍) ഭീഷണിയാണ്' സിഎസ്ഇ ചീഫ് കരോലിന്‍ സേവ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍, കാനഡയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളലാണ് വ്യക്തമാകുന്നത്.

കാനഡയിലെ ഖാലിസ്ഥാന്‍ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ പ്രചാരണങ്ങള്‍ കണ്ടെത്തിയതായും കാനഡ പറയുന്നു.

2023-ല്‍ നിജ്ജാറിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ ഇന്റലിജന്‍സ് ശേഖരണത്തിനും പ്രചാരണത്തിനും ആഭ്യന്തര മന്ത്രി അമിത് ഷായാണ് അനുമതി നല്‍കിയതെന്ന് കാനഡ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന കനേഡിയന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന വാര്‍ത്ത പറയുന്നു.എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇന്ത്യ തള്ളി.

നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയും ഒട്ടാവയും അംബാസഡറെയും മറ്റ് മുതിര്‍ന്ന നയതന്ത്രജ്ഞരെയും പുറത്താക്കിയിരുന്നു. 

Tags:    

Similar News