മുന്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും ഇനിയും നല്‍കാതെ ബൈജൂസ്

  • ഓരോ ജീവനക്കാരനും സെറ്റില്‍മെന്റിന് മൂന്ന് മാസത്തെ കാലയളവുണ്ടെന്നും അതിനനുസരിച്ച് പേയ്‌മെന്റുകള്‍ തീര്‍പ്പാക്കുന്നുണ്ടെന്നുമാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

Update: 2023-11-21 06:49 GMT

സാമ്പത്തിക പ്രതിസന്ധിയിലായ എജ്യുടെക് കമ്പനി ബൈജൂസ് പിരിച്ചു വിട്ട ജീവനക്കാര്‍ക്ക് നല്‍കാനുള്ള പണം ഇനിയും പൂര്‍ണമായും നല്‍കിയിട്ടില്ലെന്ന ആരോപണവുമായി മുന്‍ ജീവനക്കാര്‍. 2022 ഒക്ടോബറില്‍ കമ്പനിയില്‍ 50,000 ജീവനക്കാരുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരുടെ എണ്ണം ഗ്രൂപ്പ് തലത്തില്‍ 33,000-31,000 എന്ന നിലയിലേക്ക് കുറച്ചിരുന്നു.

'നിര്‍ദ്ദിഷ്ട സമയപരിധിയായ 45 ദിവസത്തിനുള്ളില്‍ എനിക്ക് തരാനുള്ള പണത്തിന്റെ പൂര്‍ണവും അന്തിമവുമായ തീര്‍പ്പാക്കല്‍ (ഫുള്‍ ആന്‍ഡ് ഫൈനല്‍ സെറ്റില്‍മെന്റ്) കമ്പനി നടത്തിയിട്ടില്ല. ഇപ്പോള്‍ 90 ദിവസത്തോളമായി. എന്നാല്‍, കമ്പനിയുടെ സെപ്പറേഷന്‍ ടീം, എഫ്എന്‍എഫ് ടീം എന്നിവരില്‍ നിന്നും കൃത്യമായ തീരുമാനങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇത് കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഞാന്‍ ഇത് എഴുതുന്നത്' സാമൂഹിക മാധ്യമത്തില്‍ ബൈജൂസ് മുന്‍ ജീവനക്കാരന്‍ എഴുതിയ കുറിപ്പാണിത്.

കൂടാതെ,തനിക്കറിയാവുന്ന പല ജീവനക്കാരുടെയും പൂര്‍ണ്ണവും അന്തിമവുമായ സാമ്പത്തിക ഇടപാടുകള്‍ ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നും ഈ ജീവനക്കാരന്‍ അവകാശപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെപ്റ്റംബര്‍ മാസത്തെ ശമ്പളവും ഒക്ടോബറിലെ ഒരു മാസത്തെ വേര്‍പിരിയല്‍ വേതനവും നല്‍കാമെന്ന് ബൈജൂസിലെ എച്ച്ആര്‍ മാനേജര്‍ വാഗ്ദാനം ചെയ്തതായി മറ്റൊരു ജീവനക്കാരന്‍ നിരവധി മാധ്യമ പ്രവര്‍ത്തകരക്ക് ഇമെയില് അയച്ചതായും പറയുന്നു. നിലവിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം ഇപ്പോഴും വൈകുകയാണെന്നും അഭിപ്രായമുണ്ട്.

എന്തായാലും, ഓരോ ജീവനക്കാരനും സെറ്റില്‍മെന്റിന് മൂന്ന് മാസത്തെ കാലയളവുണ്ടെന്നും അതിനനുസരിച്ച് പേയ്‌മെന്റുകള്‍ തീര്‍പ്പാക്കുന്നുണ്ടെന്നുമാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഓരോ ജീവനക്കാരന്റെയും സെറ്റില്‍മെന്റിനായി വ്യത്യസ്ത കാലയളവാണുള്ളത്. ജീവനക്കാര്‍ക്ക് നല്‍കാനുള്ള തുക ക്രമേണ നല്‍കി പ്രശ്‌നം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്പനി പറയുന്നു. സെപ്റ്റംബറിലെ ജീവനക്കാരുടെ  പ്രകടനം വിലയിരുത്തി ഏകദേശം 3500 പേരെ ഒക്ടോബറില്‍ പിരിച്ചുവിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കോവിഡ് കാലത്ത് അമിതമായ നിയമനം നടത്തിയ കമ്പനി നിലവിലുള്ള സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള തിരുത്തലിന്റെ ഭാഗമാണ് ഈ പിരിച്ചുവിടലെന്നും  ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

കമ്പനിയിലെ മൂന്നാം കക്ഷി (തേഡ് പാര്‍ട്ടി) ശമ്പളത്തിനു കീഴിലുള്ള മിക്ക ജീവനക്കാരെയും പ്രത്യേകിച്ച് മുന്‍പ് വൈറ്റ്ഹാര്‍ട്ട് ജൂനിയര്‍ സ്‌കൂള്‍ എന്നറിയപ്പെട്ടിരുന്ന ബൈജൂസ് ഫ്യൂച്ചര്‍ സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളെയും ഇത് ബാധിച്ചതായും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

ബൈജൂസിന്റെ ബ്രാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന ബിസിനസിലെ പ്രവര്‍ത്തന നഷ്ടം 2021-22 വര്‍ഷത്തില്‍ 2,253 രൂപയായി കുറഞ്ഞതായി ഈ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News