സിനിമാ ബിസിനസ് 'ടെലഗ്രാം' വഴി തകര്‍ക്കുന്നവര്‍ സൂക്ഷിച്ചോളൂ, വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടേ!

  • പകര്‍പ്പവകാശം ലംഘിച്ചവരുടെ ഐപി അഡ്രസ് ഉള്‍പ്പടെ ടെലിഗ്രാം അധികൃതര്‍ കോടതിയ്ക്ക് നല്‍കിയെന്ന് സൂചന.

Update: 2022-12-10 09:09 GMT

ഡെല്‍ഹി: കോടികള്‍ മുടക്കി എടുക്കുന്ന സിനിമയും വെബ്‌സീരിസും ഉള്‍പ്പടെ പത്തു പൈസ മുടക്കാതെ ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവര്‍ സൂക്ഷിച്ചോളൂ. പകര്‍പ്പകവാശ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ടെലിഗ്രാം ഉപഭോക്താക്കള്‍ക്ക് ഡെല്‍ഹി ഹൈക്കോടതി സമന്‍സയച്ചിരിക്കുകയാണ്. ചില ഒടിടി പ്ലാറ്റ്‌ഫോമുകളുടെയടക്കം പേയ്ഡ് കണ്ടന്റുകള്‍ പ്രചരിപ്പിച്ച ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിനുകള്‍ക്കാണ് ഹൈകോടതി സമന്‍സയച്ചിരിക്കുത്.

ഇത്തരത്തുള്ള കണ്ടന്റുകള്‍ പങ്കുവെച്ചവരുടെ വിവരങ്ങള്‍ ടെലിഗ്രാം അധികൃതര്‍ സീല്‍ വെച്ച കവറില്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. ഇവയില്‍ അഡ്മിനുകളുടെ ഐപി അഡ്രസുകള്‍ ഉള്‍പ്പടെ ഉണ്ടെന്നാണ് സൂചന. ടെലിഗ്രാമിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ദക്ഷിണേന്ത്യയില്‍ തന്നെ 15 കോടി ടെലിഗ്രാം ഉപയോക്താക്കളാണുള്ളത്.

സിനിമ ഉള്‍പ്പടെയുള്ള പേയ്ഡ് കണ്ടന്റുകള്‍ ലഭിക്കും എന്നായതോടെ ടെലിഗ്രാം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. കോപ്പിറൈറ്റ് ഉള്ള പുസ്തകങ്ങള്‍, മാഗസിനുകള്‍ ഉള്‍പ്പടെ ടെലിഗ്രാം വഴി പ്രചരിക്കുന്നു എന്ന് കാട്ടി നേരത്തെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നിട്ടും ദിവസം ചെല്ലും തോറും ടെലിഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെയും ഇതില്‍ വരുന്ന പേയ്ഡ് കണ്ടന്റുകളുടേയും എണ്ണം വര്‍ധിക്കുകയാണ്.

ഇന്ത്യയില്‍ നിന്നും പുറത്ത് നിന്നും ഒട്ടേറെ കണ്ടന്റുകളാണ് ദിനംപ്രതി ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് വരുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ആഗോളതലത്തില്‍ 7.04 കോടി ഡൗണ്‍ലോഡുകളാണ് ടെലിഗ്രാം ആപ്പിന് ലഭിച്ചത്. ഓരോ വര്‍ഷവും ടെലിഗ്രാമിന്റെ ഉപഭോക്തൃ അടിത്തറ 40 ശതമാനം വീതം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെലഗ്രാം പ്രീമിയത്തിന് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

ടെലഗ്രാമിന്റെ പ്രീമിയം വേര്‍ഷന് പത്തു ലക്ഷത്തിലധികം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചുവെന്ന് ഏതാനും ദിവസം മുന്‍പ് കമ്പനി അറിയിച്ചിരുന്നു. നിലവില്‍ ആപ്പിള്‍ സ്റ്റോറില്‍ മാത്രമാണ് ഇത് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് എത്താന്‍ വൈകുമെങ്കിലും അധിക ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രീമിയം വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ അതിനായി പ്രത്യേക സബ്സ്‌ക്രിപ്ഷന്‍ എടുക്കണം.

ഒരുമാസത്തേക്ക് 469 രൂപ അതായത് പ്രതിവര്‍ഷം 5628 രൂപയാണ് ടെലഗ്രാം പ്രീമിയം ഉപയോഗിക്കാന്‍ ചെലവാക്കേണ്ടി വരിക. ടെലഗ്രാമിന്റെ സാധാരണ വേര്‍ഷന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 100 കോടിയില്‍ അധികം ഡൗണ്‍ലോഡുകളാണുള്ളത്. പുതുപുത്തന്‍ ഇമോജികളും സ്റ്റിക്കറുകളും ഉള്‍പ്പെട്ട ടെലിഗ്രാം 8.7.2 ബീറ്റ വേര്‍ഷന്‍ അടുത്തയിടെ കമ്പനി പുറത്തിറക്കിയിരുന്നു. ഏപ്രിലില്‍ ഇറക്കിയ ഈ വേര്‍ഷനില്‍ ആകര്‍ഷകമായ ഫീച്ചേഴ്സും ചേര്‍ത്തിട്ടുണ്ട്.

4 ജിബി വരെയാണ് പ്രീമിയത്തില്‍ ഫയല്‍ അപ്ലോഡ് ചെയ്യാവുന്ന പരിധി. ആയിരം ചാനലുകള്‍ വരെ ഫോളോ ചെയ്യാന്‍ സാധിക്കുന്ന ടെലഗ്രാം പ്രീമിയത്തില്‍ വോയ്‌സ്-ടു-ടെക്സ്റ്റ് കണ്‍വേര്‍ഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുണ്ട്. 200 ചാറ്റുകള്‍ വീതമുള്ള 20 ചാറ്റ് ഫോള്‍ഡറുകള്‍ വരെ ക്രിയേറ്റ് ചെയ്യാമെന്നതും പ്രീമിയത്തിന്റെ പ്രത്യേകതയാണ്. ഭാഷ ട്രാന്‍സ്ലേറ്റ് ചെയ്യാനും സൗകര്യമുണ്ട്. പ്രധാന ലിസ്റ്റില്‍ പത്ത് ചാറ്റുകള്‍ പിന്‍ചെയ്യാനും ഇതില്‍ സാധിക്കും. ടെലഗ്രാം പബ്ലിക്ക് ചാനലുകളില്‍ സ്പോണ്‍സര്‍ ചെയ്ത പരസ്യങ്ങള്‍ കാണിക്കാറുണ്ട്. ഇത് പ്രീമിയത്തില്‍ ഉണ്ടാകില്ല.

Tags:    

Similar News