ഓഹരി വിപണികളില്‍ സുരക്ഷിതമായി നിക്ഷേപിക്കാം; വഴികാട്ടി ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ്
- സ്മാര്‍ട്ട് ബാസ്‌ക്കറ്റ് എഐ എന്ന പേരിലുള്ള ഈ എഐ ആപ്പ് ഗൂഗിള്‍ പ്ലെ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്
കൊച്ചി: ഓഹരി വിപണിയിലെ ലാഭനഷ്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് സുരക്ഷിതമായി നിക്ഷേപിക്കാനും മികച്ച ലാഭവിഹിതം നേടാനും വഴികാട്ടിയാകുന്ന ആപ്പുമായി അല്‍ഗോരിത്മ ഡിജിടെക്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ മുന്‍ മേധാവിയും റേസര്‍പേയുടെ മുന്‍ ഡയറക്ടറുമായ കാനന്‍ റായാണ് ആപ്പ് പുറത്തിറക്കിയത്.
സ്മാര്‍ട്ട് ബാസ്‌ക്കറ്റ് എഐ എന്ന പേരില്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഫിന്‍ടെക് ആപ്പ് ഗൂഗിള്‍ പ്ലെ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ബെംഗളൂരു ആസ്ഥാനമായി 2022 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച അല്‍ഗോരിത്മ ഡിജിടെക്കിനു പിന്നില്‍ യുവ സംരംഭകരായ നിഖില്‍ ധര്‍മന്‍, ടി.ആര്‍. ഷംസുദീന്‍ എന്നിവരാണ്.
നിക്ഷേപകര്‍ക്ക് ചെറിയ പരിശ്രമത്തിലൂടെ സാമ്പത്തിക സ്വാതന്ത്രമുള്ള ജീവിതം നയിക്കാന്‍ സ്മാര്‍ട്ട് ബാസ്‌ക്കറ്റ് എഐ ആപ്പ് സഹായകമാകുമെന്ന് കാനന്‍ റായ് പറഞ്ഞു. മികച്ച നിക്ഷേപ അവസരങ്ങള്‍ തിരിച്ചറിയാനും അവ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ അതിവേഗം വളരുന്നതിനൊപ്പം 'ഇനിഷ്യല്‍ പബ്ലിക്ക് ഓഫര്‍' ലഭ്യമാക്കാനും അല്‍ഗോരിത്മ ഡിജിടെക്കിനു കഴിയും. ഓഹരി വിപണിയില്‍ താല്പര്യമുള്ളവര്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കൂടുതല്‍ എളുപ്പത്തില്‍ നിക്ഷേപ സാധ്യതകള്‍ തുറന്നു കിട്ടാന്‍ ആപ്പ് സഹായകമാകുമെന്നും കാനന്‍ റായ് കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരന്റെ സാമ്പത്തിക നേട്ടം ലക്ഷ്യം
ചെറുകിട നിക്ഷേപകരെ ഓഹരി വിപണികളില്‍ സുരക്ഷിതമായി നിക്ഷേപിക്കാന്‍ സഹായിക്കുന്നതിലൂടെ അല്‍ഗോരിത്മ ഡിജിടെക്ക് സാധാരണക്കാരുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്നു. സ്മാര്‍ട്ട് ബാസ്‌ക്കറ്റ് എഐ ആപ്പ് ചെറുകിട നിക്ഷേപകര്‍ക്കും ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇടയിലുള്ള വിടവ് ഇല്ലാതാക്കും.
ആപ്പ് പുറത്തിറക്കല്‍ ചടങ്ങില്‍ ഹെഡ്ജ് ഇക്വിറ്റീസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അലക്‌സ് കെ.ബാബു, ഏഞ്ചല്‍ നിക്ഷേപകരായ ജോസ് പട്ടാര, നവാസ് മീരന്‍, കെആര്‍ ബാലന്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. എ ആനന്ദ് കുമാര്‍, ഗീതാ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചലച്ചിത്ര നടന്‍ ജോജു ജോര്‍ജ്, തിരക്കഥാകൃത്ത് സഞ്ജയ്, ചലച്ചിത്ര സംവിധായകന്‍ മനു അശോകന്‍, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
നിഖില്‍ ധര്‍മന്‍ മുന്‍പ് സ്ഥാപിച്ച അഗ്രിമ സ്റ്റാര്‍ട്ടപ്പിനെ ബിഗ്ബാസ്‌കറ്റ് ഏറ്റെടുത്തിരുന്നു. 4.5 ദശലക്ഷം പേരാണ് അന്ന് അദ്ദേഹത്തിന്റെ 'റെസിപ്പിബുക്ക്' ആപ്പിന്റെ ഉപഭോക്താക്കളായത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എഡിറ്റേഴ്‌സ് ചോയ്‌സ് ബാഡ്ജും 'റെസിപ്പിബുക്ക് ആപ്പ് നേടിയിട്ടുണ്ട്.
വിദ്യാഭ്യാസ വിചക്ഷണനും സാങ്കേതിക വിദഗ്ദ്ധനുമായ ഷംസുദീന്‍ മൂന്ന് സിനിമകള്‍ നിര്‍മ്മിക്കുകയും രണ്ട് എഞ്ചിനീയറിംഗ് കോളേജുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.