ആദായ നികുതി വരുമാനം ഇരട്ടിയായി 2.95 ലക്ഷം കോടിയിലെത്തി
കമ്പനി നികുതി അഞ്ചിരട്ടി വര്‍ധനയോടെ 62817 കോടി രൂപയിലെത്തി
ഓഗസ്റ്റില്‍ കോര്‍പറേറ്റ്, വ്യക്തിഗത ആദായ നികുതി വരുമാനം അപ്രതീക്ഷിത വളര്‍ച്ചയോടെ 2.95 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ നികുതി വരുമാനത്തിന്റെ ഇരട്ടിയോളം വരും.
ഈ കാലയളവില്‍ കമ്പനി നികുതി അഞ്ചിരട്ടി വര്‍ധനയോടെ 62817 കോടി രൂപയിലെത്തിയപ്പോള്‍ വ്യക്തിഗത ആദായനികുതി വരുമാനം നാലിരട്ടി വര്‍ധിച്ച് 1.03 ലക്ഷം കോടിരൂപയായി.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 5.9 ശതമാനം ധനകമ്മിയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യതകളില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ഓഗസ്റ്റിലെ പ്രത്യക്ഷ നികുതി വരുമാനകണക്കുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്ന ചിത്രത്തിന് കാര്യമായ മാറ്റം വരുത്തുന്നതാണ് ഈ നികുതി ശേഖരണ കണക്കുകള്‍ എന്നാണ് സമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നികുതി ശേഖരണത്തിലെ ഈ വര്‍ധന പ്രതീക്ഷിച്ചതിനെക്കാള്‍ അധികമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
2023-24ല്‍ നോമിനല്‍ ജിഡിപി വളര്‍ച്ച 10.5 ശതമാനമാകുമെന്നായിരുന്നു ബജറ്റില്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 16 വരെ അറ്റ നികുതി പിരിവ് 8.65 ലക്ഷം കോടി രൂപയെന്നാണ് സര്‍ക്കാരില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം 24 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇത് ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ വളരെ കൂടുതലാണ്.
2023-24 ബജറ്റ് അനുസരിച്ച് മൊത്ത, അറ്റ, കോര്‍പ്പറേറ്റ്, വ്യക്തിഗത ആദായനികുതി വരുമാനം 2022-23 വര്‍ഷത്തേക്കാള്‍ യഥാക്രമം 10.1 ശതമാനം, 11.1 ശതമാനം, 11.7 ശതമാനം, 11.4 ശതമാനം വീതം വളര്‍ച്ച നേടുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.
ഓഗസ്റ്റിലെ കണക്കുകള്‍ക്കൊപ്പം ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച 15 ശതമനമായി. വാര്‍ഷികാടിസ്ഥാനത്തില്‍ ഏപ്രില്‍-ജൂലൈ കാലയളവില്‍ കമ്പനി നികുതി വരുമാനം 10 ശതമാനം വളര്‍ച്ചയായിരുന്നു നേടിയത്. വ്യക്തിഗത നികുതി വരുമാനത്തിലും കാര്യമായ വളര്‍ച്ച ഈ കാലയളവില്‍ നേടിയിട്ടുണ്ട്. ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ വ്യക്തിഗത നികുതി വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 36 ശതമാനം അധികമാണ്. എന്നാല്‍, ഏപ്രില്‍ -ജൂലൈ കാലയളവില്‍ ഇത് മുന്‍ വര്‍ഷത്തെക്കാള്‍ ആറ് ശതമാനം കൂടുതലായിരുന്നു.
ഓഗസ്റ്റിലെ ഈ നികുതി വര്‍ധനയെ മൊത്ത പണപ്പെരുപ്പ കണക്കുകള്‍ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. ഉപഭോക്തൃ പണപ്പെരുപ്പ സൂചികകളെക്കാള്‍ മൊത്ത പണപ്പെരുപ്പ കണക്കുകളാണ് ജിഡിപിയെ സ്വാധീനിക്കുന്ന ഘടകം.
മൊത്ത വില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം 2023-24 ലെ എല്ലാ മാസവും കുറഞ്ഞ നിലയിലായിരുന്നു. ജൂണില്‍ ഏഴര വര്‍ഷത്തെ താഴ്ന്ന നിരക്കായ -4.18 ശതമാനത്തിലേക്ക് എത്തിയിരുന്നു എന്നാല്‍ ഓഗസ്റ്റില്‍ -0.52 ശതമാനമായി ഇത് ഉയര്‍ന്നു.
ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ 14 തുല്യ ഗഡുക്കളായി സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം നല്‍കാറുണ്ട്. 2023-24 വര്‍ഷത്തിലെ രണ്ട് ഗഡുക്കള്‍ ജൂണില്‍ നല്‍കിയിരുന്നു. ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ നികുതിവിഹതമായി സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത് 72,961 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നല്‍കിയതിനേക്കാള്‍ 37 ശതമാനം കുറവാണ്. എന്നാല്‍, ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളിലെ നികുതി വിഭജനം 3.82 ലക്ഷം കോടി രൂപയോളമാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 20 ശതമാനം കൂടുതലാണ്.
വരും മാസങ്ങളിലെ നികുതി ശേഖരണത്തിലെ വളര്‍ച്ച കൂടി പരിഗണിച്ചെ സര്‍ക്കാരിന്റെ ധനസ്ഥിതിക്ക് സമ്മര്‍ദ്ദമാണോ ആശ്വാസമാണോ ഇത് നല്‍കുന്നതെന്ന് കണക്കാക്കാനാവു എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.