ബെംഗളൂരു മെട്രോ: പര്‍പ്പിള്‍ ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നു
- സെപ്റ്റംബര്‍ 15നുശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
- പര്‍പ്പിള്‍ ലൈന്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തും
ബെംഗളൂരു മെട്രോയുടെ പര്‍പ്പിള്‍ ലൈന്‍ സെപ്റ്റംബര്‍ 15ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് റിപ്പോര്‍ട്ട്. പര്‍പ്പിള്‍ ലൈനിലെ കെങ്കേരി-ചല്ലഗട്ട, കെആര്‍ പുരം-ബൈയപ്പനഹള്ളി എന്നീ രണ്ട് പാതകളാണ് 15ന് ശേഷം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തനക്ഷമമാകുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ ബെംഗളൂരുവിനെയും നഗരത്തിന്റെ മിക്ക ഭാഗങ്ങളെയും തമ്മില്‍ പര്‍പ്പിള്‍ ലൈന്‍ ബന്ധിപ്പിക്കും.
റിപ്പോര്‍ട്ട് അനുസരിച്ച്, ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറോട് (സിഎംആര്‍എസ്) പണിതീർത്ത രണ്ട് റീച്ചുകള്‍ എത്രയും വേഗം പരിശോധിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സിഎംആര്‍എസ് തങ്ങളോട് ചില വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെപ്റ്റംബര്‍ ഏഴിന് അത് സമര്‍പ്പിക്കുമെന്നും ബിഎംആര്‍സിഎല്‍ എംഡി അഞ്ജും പര്‍വേജ് പറഞ്ഞു. ''പരിശോധനയും ബാക്കിയുള്ള മറ്റ് ചെറിയ ജോലികളും സെപ്റ്റംബര്‍ 15 നകം പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അതിനുശേഷം ഞങ്ങള്‍ രണ്ട് സ്ട്രെച്ചുകളും ഉദ്ഘാടനം ചെയ്യും,'' പര്‍വേജ് പറഞ്ഞു.
വൈറ്റ്ഫീല്‍ഡില്‍ നിരവധി ടെക് പാര്‍ക്കുകള്‍ ഉള്ളതിനാല്‍ പര്‍പ്പിള്‍ ലൈന്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ജീവനക്കാര്‍ അവിടെ ജോലി ചെയ്യുന്നു.
നേരത്തെ, ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വൈറ്റ്ഫീല്‍ഡ്-കെആര്‍ പുരം പാത ആരംഭിക്കുകയും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിന് വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ബെന്നനഹള്ളി റെയില്‍വേ സ്റ്റേഷന് മുകളില്‍ ഒരു ഓപ്പണ്‍ വെബ് ഗ്രൈന്‍ഡര്‍ സ്ഥാപിക്കണമെന്ന് ബിഎംആര്‍സിഎല്‍ പറഞ്ഞിരുന്നു. അതിന് ഇന്ത്യന്‍ റെയില്‍വേയുടെ അനുമതി ആവശ്യമാണ്.
അതേസമയം, ബൈയപ്പനഹള്ളിക്കും കെആര്‍ പുരയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഏക മെട്രോ സ്റ്റേഷനായ ബെന്നിഗനഹള്ളിയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.
പര്‍പ്പിള്‍ ലൈനിന്റെ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഭാഗം ബൈപ്പനഹള്ളി മുതല്‍ കെങ്കേരി, വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ കെആര്‍ പുര വരെയാണ്. ഇത് 39.4 കിലോമീറ്റര്‍ വരും.
കെആര്‍ പുരയ്ക്കും ബയപ്പനഹള്ളിക്കും ഇടയിലുള്ള ലിങ്ക് പൂര്‍ത്തിയാകുന്നത് നിരവധി യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് മഹാദേവപുര, ഐടിപിബി, കടുഗോഡി തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ടെക് പ്രൊഫഷണലുകള്‍ക്ക് ഗുണകരമാകും.