ബിസിസിഐ അടച്ചത് 1,159 കോടിയുടെ ആദായ നികുതി
- ബിസിസിഐ ആദായനികുതി നല്‍കിയതില്‍ വര്‍ധന
- കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനാല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയിലധികം നഷ്ടം
- ക്രെഡിറ്റ് കാര്‍ഡ് പണംതിരിച്ചടവിലെ വീഴ്ച ഉയരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,159 കോടി രൂപ ആദായനികുതിയായി അടച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 37 ശതമാനം കൂടുതലാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍, ബിസിസിഐ ആദായനികുതിയായി 844.92 കോടി രൂപയാണ് അടച്ചത്. 2019-20 ല്‍ 882.29 കോടിയും 2018 - 19 ല്‍ 815.08 കോടി രൂപയും ബോർഡ് നികുതിയായി അടച്ചു. 2017-18ല്‍ അടച്ച 596.63 കോടിയേക്കാള്‍ കൂടുതലാണ്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐ 7,606 കോടി രൂപ വരുമാനം നേടിയപ്പോള്‍ ചെലവ് 3,064 കോടി രൂപയായിരുന്നു. 2020-21ല്‍ വരുമാനം 4,735 കോടി രൂപയും ചെലവ് 3,080 കോടി രൂപയുമാണ്.
ഐസിസിയുമായി ചേര്‍ന്ന് ഏകദിന ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂളില്‍ ബിസിസിഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുക്കുകയാണ്. ടൂര്‍ണമെന്റ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും.
കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനാല്‍ 2020-21 ല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായതായും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
2019 സെപ്റ്റംബറില്‍, അന്നത്തെ കമ്പനികളുടെ അടിസ്ഥാന കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി സർക്കാർ വെട്ടിക്കുറച്ചിരുന്നു. 2019 ഒക്ടോബര്‍ ഒന്നിന് ശേഷം സംയോജിപ്പിച്ച പുതിയ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി നികുതി കുറച്ചു.
ക്രെഡിറ്റ് കാര്‍ഡ്് ഉപയോഗത്തില്‍ വീഴ്ച വരുത്തുന്നതില്‍ വര്‍ധനയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കാര്‍ഡിലെ പണംതിരിച്ചടവില്‍ 2023 മാര്‍ച്ച് അവസാനത്തോടെ വീഴ്ചവരുത്തിയതില്‍ 1.94 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് 4,072 കോടി രൂപയുടേതാണെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
ആര്‍ബിഐയില്‍ നിന്ന് ലഭിച്ച കണക്കുകളനുസരിച്ച് ക്രെഡിറ്റ് ക്രെഡിറ്റ് കാര്‍ഡുകളിലെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) മാര്‍ച്ച്-2022-ല്‍ 3,122 കോടി രൂപയും 2023 മാര്‍ച്ചില്‍ 4,072 കോടി രൂപയും ആയിരുന്നു.
അതേസമയം ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 2022 മാര്‍ച്ചില്‍ 1.64 ലക്ഷം കോടി രൂപയും 2023 മാര്‍ച്ചില്‍ 2.10 ലക്ഷം കോടി രൂപയുമായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ സഹകരണ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ തട്ടിപ്പുകളുടെ എണ്ണം 964 ആണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 791.40 കോടി രൂപ ഉള്‍പ്പെടുന്നു.