സെബിയുടെ വിലക്ക്; നിയമസാധ്യതകള്‍ തേടി അനില്‍ അംബാനി

  • ഓഗസ്റ്റ് 22 ലെ അന്തിമ ഉത്തരവ് അംബാനി അവലോകനം ചെയ്യുന്നു
  • റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ സെബി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല
  • റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് തട്ടിയെടുത്തു എന്നാണ് ആരോപണം
;

Update: 2024-08-25 12:08 GMT
anil ambani seeks legal remedy against sebi ban
  • whatsapp icon

റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് വകമാറ്റിയെന്നാരോപിച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഓഹരി വിപണികളില്‍ നിന്ന് വിലക്കിയതിനെതിരെ അദ്ദേഹം നിയമപരമായ സാധ്യതകള്‍ തേടുന്നുവിലക്കിനു പുറമേ 25 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കാര്യത്തില്‍ 2022 ഫെബ്രുവരി 11 ലെ സെബിയുടെ ഇടക്കാല ഉത്തരവിന് അനുസൃതമായി അദ്ദേഹം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും റിലയന്‍സ് പവറിന്റെയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചതായി അംബാനിയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

''പ്രസ്തുത വിഷയത്തില്‍ സെബി പാസാക്കിയ ഓഗസ്റ്റ് 22 ലെ അന്തിമ ഉത്തരവ് അംബാനി അവലോകനം ചെയ്യുകയാണ്, നിയമപരമായി ഉപദേശിച്ച പ്രകാരം ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കും,'' പ്രസ്താവനയില്‍ പറയുന്നു.

ഉത്തരവ് പാസാക്കിയ സെബിയുടെ മുമ്പാകെയുള്ള നടപടികളില്‍ കമ്പനി കക്ഷിയല്ലെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. അതേ നടപടികളില്‍ സെബി പാസാക്കിയ 2022 ഫെബ്രുവരി 11 ലെ ഇടക്കാല ഉത്തരവിന് അനുസൃതമായി അനില്‍ അംബാനി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചിരുന്നു.

''അതിനാല്‍, 2024 ഓഗസ്റ്റ് 22 ലെ സെബി പാസാക്കിയ ഉത്തരവിന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ബിസിനസിലും കാര്യങ്ങളിലും യാതൊരു ബന്ധവുമില്ല,'' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് തട്ടിയെടുത്തെന്നാരോപിച്ച് അംബാനിയും അദ്ദേഹത്തിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളും അവരുടെ മുന്‍ ഡയറക്ടര്‍മാരും ഉള്‍പ്പെടെ 27 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഓഗസ്റ്റ് 22 നാണ് സെബി 624 കോടി രൂപ പിഴ ചുമത്തിയത്.

ഓഗസ്റ്റ് 22 ന്, അനില്‍ അംബാനിയെയും മറ്റ് 24 പേരെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്നും ലിസ്റ്റുചെയ്ത ഏതെങ്കിലും സ്ഥാപനത്തിലോ അതിന്റെ സഹകാരികളിലോ അഞ്ച് വര്‍ഷത്തേക്ക് പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും സെബി വിലക്കി.

Tags:    

Similar News