70 തികഞ്ഞ എല്ലാവർക്കും ഇനി 5 ലക്ഷം രൂപയുടെ പരിരക്ഷ; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!
ദേശീയ ആയുർവേദ ദിനത്തോട് അനുബന്ധിച്ച് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, മൻസുഖ് മാണ്ഡവ്യ തുടങ്ങിയവർ പങ്കെടുത്തു.
ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ, 70 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി പ്രധാന മന്ത്രി നാടിന് സമർപ്പിച്ചു. രാജ്യത്തെ വയോജനങ്ങൾക്ക് വേർതിരിവുകൾ ഇല്ലാതെ ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷത്തോടെയാണ് ഈ ഇൻഷൂറൻസ് സ്കീം ആരംഭിച്ചിരിക്കുന്നത്. പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് സർക്കാർ ഉറപ്പ് നൽകുന്നത്. നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരൻമാർക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽ പങ്കുവെയ്ക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. 2024 സെപ്തംബർ 12 നാണ് ആയുഷ്മാൻ ഭാരത് സ്കീം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യാം. ആയുഷ്മാൻ കാർഡുള്ളവർ പുതിയ കാർഡിനായി അപേക്ഷിക്കണം. ഇകെവൈസി പൂർത്തിയാക്കുകയും വേണം. സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.
മെഡിക്കൽ പരിശോധനകൾ, ചികിത്സ, ആശുപത്രിയിൽ അഡ്മിറ്റാവുന്നതിനു മൂന്ന് ദിവസം മുമ്പ് വരെ കെയർ നൽകുന്നു മരുന്നുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും, നോൺ-ഇൻ്റൻസീവ്, ഇൻ്റൻസീവ് കെയർ സേവനങ്ങൾ (ഐസിയു കെയർ) ഡയഗ്നോസ്റ്റിക്, ലബോറട്ടറി ആവശ്യങ്ങൾ മെഡിക്കൽ ഇംപ്ലാൻ്റുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താമസവും ഭക്ഷണവും, ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെ തുടർ പരിചരണം ഉൾപ്പടെയുള്ള മെഡിക്കൽ കവറേജുകൾ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന വഴി ലഭിക്കും.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചു. പഞ്ചകർമ ആശുപത്രി, ഔഷധ നിർമാണത്തിനുള്ള കേന്ദ്രം, സ്പോർട്സ് മെഡിസിൻ യൂണിറ്റ്, സെൻട്രൽ ലൈബ്രറി, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ, 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മധ്യപ്രദേശിൽ മന്ദ്‌സൗർ, നീമുച്ച്, സിയോനി എന്നിവിടങ്ങളിലായി മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.