ഇന്ത്യയില്‍ ക്ലൗഡിനായി $12.7 ബില്യണ്‍ നിക്ഷേപിക്കുമെന്ന് എഡബ്ല്യൂഎസ്

  • 1,31,700 തൊഴിലുകളുടെ സൃഷ്ടിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷ
  • 2030ഓടെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 16.4 ബില്യണിലെത്തും
  • ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് എഡബ്ല്യുഎസ് മേഖലകള്‍

Update: 2023-05-18 04:37 GMT

ഇന്ത്യയില്‍ ക്ലൗഡ് സേവനങ്ങൾക്കായി വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോൺ വെബ് സർവീസസ്. 2030നകം ഇന്ത്യയിൽ $12.7 ബില്യൺ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കുന്നതിനുള്ള പദ്ധതിയാണ് കമ്പനി ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇ-കൊമേഴ്സ് വമ്പനായ ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂണിറ്റാണ് ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്).

ഇന്ത്യയിലെ ഡാറ്റാ സെന്റർ പശ്ചാത്തല സൗകര്യ വികസനത്തിനായി നടത്തുന്ന ആസൂത്രിത നിക്ഷേപത്തിലൂടെ ഓരോ വർഷവും ഇന്ത്യൻ ബിസിനസുകളിൽ ശരാശരി 1,31,700 ഫുൾ ടൈം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. കണ്‍സ്‍ട്രക്ഷന്‍, ഫെസിലിറ്റി പരിപാലനം, എഞ്ചിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷൻസ്, തുടങ്ങിയ വിവിധ തൊഴില്‍ മേഖലകള്‍ ഇന്ത്യയിലെ ഡാറ്റാ സെന്റർ വിതരണ ശൃംഖലയുടെ ഭാഗമായി വരുന്നുണ്ട്.

ഇന്ത്യയോടുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധത വെളിവാക്കുന്ന തരത്തില്‍ 2030 ആകുമ്പോഴേക്കും മൊത്തം നിക്ഷേപം 1,36,500 കോടി രൂപ അഥവാ $16.4 ബില്യണിലെത്തുമെന്നും എ‍ഡബ്ല്യുഎസ് വ്യക്തമാക്കി. 2016 നും 2022 നും ഇടയിൽ 30,900 കോടി രൂപയുടെ (3.7 ബില്യൺ ഡോളർ) നിക്ഷേപം കമ്പനി ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരുന്നു. ഈ നിക്ഷേപം 2030-ഓടെ ഇന്ത്യയുടെ മൊത്തം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് 1,94,700 കോടി രൂപ (23.3 ബില്യൺ ഡോളർ) സംഭാവന ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നുവെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

ഇന്ത്യയിലെ നിക്ഷേപം തൊഴിൽ ശക്തി വികസനം, പരിശീലനം, നൈപുണ്യ അവസരങ്ങൾ, കമ്മ്യൂണിറ്റി ഇടപഴകൽ, സുസ്ഥിര സംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കും. കമ്പനിക്ക് ഇന്ത്യയിൽ രണ്ട് ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ മേഖലകളുണ്ട് . 2016-ൽ ആരംഭിച്ച എഡബ്ല്യുഎസ് ഏഷ്യാ പസഫിക് (മുംബൈ) മേഖല, 2022 നവംബറിൽ ആരംഭിച്ച എഡബ്ല്യുഎസ് ഏഷ്യ പസഫിക് (ഹൈദരാബാദ്) മേഖല എന്നിവയാണത്. ഇന്ത്യയിൽ ഡാറ്റ സുരക്ഷിതമായി സംഭരിക്കാനും അന്തിമ ഉപയോക്താക്കൾക്ക് സുഗമമായി സേവനം നൽകാനും ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നതിനാണ് രണ്ട് എഡബ്ല്യുഎസ് മേഖലകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ചെലവ് കുറയ്ക്കുന്നതിനും നവീകരണത്തെ ത്വരിതപ്പെടുത്തുന്നതിനും വിപണിയിലേക്ക് എത്തുന്നതിന്‍റെ വേഗത വർദ്ധിപ്പിക്കുന്നതിനുമായി തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നാണ് എഡബ്ല്യുഎസ് വ്യക്തമാക്കുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ആരോഗ്യശ്രീ ഹെൽത്ത് കെയർ ട്രസ്റ്റ് പോലുള്ള പൊതു ആരോഗ്യ സ്ഥാപനങ്ങൾ, അശോക് ലെയ്ലാൻഡ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‍സി ലൈഫ്, ടൈറ്റാൻ തുടങ്ങിയ വലിയ ഇന്ത്യൻ സംരംഭങ്ങൾ, ഹവ്മോർ, ക്യൂബ് സിനിമ തുടങ്ങിയ ചെറുകിട ഇടത്തരം ബിസിനസുകളും നാരായണ നേത്രാലയ, ബാങ്ക് ബസാർ, ഹൈർപ്രോ, എം2പി, യുബി തുടങ്ങിയ പ്രശസ്തമായ സ്റ്റാർട്ടപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. 

Tags:    

Similar News