ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ചടങ്ങ് മാര്‍ച്ച് 1 ന്; പകിട്ടേകാന്‍ പ്രമുഖരെത്തും
- ഏകദേശം 1000-ത്തോളം അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്
- വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിനെയാണു ആനന്ദ് വിവാഹം കഴിക്കുന്നത്
- വിവാഹ ചടങ്ങുകള്‍ക്കു ഓരോ ദിവസവും ഓരോ പ്രത്യേക തീം ഒരുക്കിയിട്ടുണ്ട്
;

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനിയുടെ മാര്‍ച്ച് 1 മുതല്‍ 3 വരെ നടക്കുന്ന പ്രീ വെഡ്ഡിംഗ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെത്തുന്നത് മാര്‍ക്ക് സുക്കര്‍ബെര്‍ഗും ബില്‍ ഗേറ്റ്‌സും ഉള്‍പ്പെടുന്ന പ്രമുഖരെന്ന് റിപ്പോര്‍ട്ട്.
വ്യവസായിയായ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിനെയാണു ആനന്ദ് വിവാഹം കഴിക്കുന്നത്.
ഈ വര്‍ഷം ജുലൈ 12-നാണ് വിവാഹം. വിവാഹത്തിനു മുന്നോടിയായിട്ടാണ് മാര്‍ച്ച് 1 മുതല്‍ 3 വരെ പ്രീ വെഡ്ഡിംഗ് ചടങ്ങ് അംബാനിയുടെ ജാംനഗറിലെ
വീട്ടില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ജാംനഗറില്‍ വിവാഹത്തിന്റെ ആദ്യ ഔദ്യോഗിക ക്ഷണക്കത്ത് ദൈവത്തിനു സമര്‍പ്പിക്കുന്ന കംകോത്രി ചടങ്ങ് നടന്നിരുന്നു.
വിവാഹ ചടങ്ങുകള്‍ക്ക് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലെ വിശാലമായ ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ പുതുതായി 14 ക്ഷേത്രങ്ങള്‍ ഒരുക്കി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്കു ഓരോ ദിവസവും ഓരോ പ്രത്യേക തീം ഒരുക്കിയിട്ടുണ്ട്.
ജാംനഗറില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്കായി മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ഏകദേശം 1000-ത്തോളം അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
സുക്കര്‍ബെര്‍ഗിനും, ഗേറ്റ്‌സിനും പുറമെ അഡോബ് സിഇഒ ശന്തനു നാരായന്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ, വാള്‍ട്ട് ഡിസ്‌നി സിഇഒ ബോബ് ഐഗര്‍, അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനി, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ കുമാര്‍ മംഗലം ബിര്‍ല, വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി, സെറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത്, സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനെവാല തുടങ്ങിയവരും വിവാഹ ചടങ്ങിനെത്തുന്നുണ്ട്.
പ്രീ വെഡ്ഡിംഗ് ചടങ്ങിന് പകിട്ടേകാന്‍ സംഗീതവും നൃത്തവും ഫണ്‍ ആക്ടിവിറ്റിയുമൊക്കെ ഉണ്ട്. പോപ്പ് താരം രിഹാനയും, ദില്‍ജിത്ത് ദോസഞ്ചും, ആര്‍ജിത്ത് സിംഗുമൊക്കെ സംഗീത-നൃത്ത പരിപാടികളുണ്ട്.
ജാംനഗറില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിയ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അതിഥികള്‍ക്ക് പകര്‍ന്നു നല്‍കും. അതോടൊപ്പം അനന്ത് അംബാനിയുടെ നേതൃത്വത്തില്‍ ജാംനഗറില്‍ നടക്കുന്ന മൃഗസംരക്ഷണ പുനരധിവാസ പ്രവര്‍ത്തനങ്ങളെ നേരില്‍ കാണാനുള്ള അവസരവും അതിഥികള്‍ക്കായി ഒരുക്കുന്നുണ്ട്.