അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയം: സെബി അന്വേഷണം വൈകുന്നതിനെതിരെ ഹര്‍ജി
മൊത്തം 24 അന്വേഷണങ്ങളാണു സെബി നടത്തിയത്. അതില്‍ 22 അന്വേഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തി;

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിനു സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി.
2023 മെയ് 17-ലെ ഉത്തരവനുസരിച്ച് 2023 ഓഗസ്റ്റ് 14-നകം അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സെബിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതിയുടെ നിര്‍ദേശം പാലിക്കുന്നതില്‍ സെബി പരാജയപ്പെട്ടു. കോടതി നിര്‍ദേശം അനുസരിച്ച് സെബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരനും അഭിഭാഷകനുമായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ സൂചിപ്പിച്ചു.
2023 ഓഗസ്റ്റ് 14 വരെ സമയം നല്‍കിയിട്ടും റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സെബി വീണ്ടും 15 ദിവസം കൂടി കോടതിയോട് ആവശ്യപ്പെട്ടു. 2023 ഓഗസ്റ്റ് 25-ന് സെബി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മൊത്തം 24 അന്വേഷണങ്ങളാണു സെബി നടത്തിയത്. അതില്‍ 22 അന്വേഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തി. 2 എണ്ണം ഇടക്കാല സ്വഭാവമുള്ളതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
സമയപരിധി നീട്ടി നല്‍കിയിട്ടും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കോടതിയുടെ നിര്‍ദേശം പാലിക്കാന്‍ സെബിക്ക് സാധിച്ചില്ല. ഇതു കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാണിച്ചാണു ഹര്‍ജി സമര്‍പ്പിച്ചത്.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമം ആരോപിച്ച് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഓർഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട് (ഒസിസിആര്‍പി) അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്ന കാര്യവും ഹര്‍ജിയില്‍ തിവാരി പരാമര്‍ശിച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ 2023 മെയ് 17-ലെ ഉത്തരവ്പ്രകാരം സെബി നിശ്ചയിച്ച സമയക്രമം ലംഘിച്ചതിനു സെബിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്നും കാലതാമസം കൂടാതെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെബിയോടു നിര്‍ദ്ദേശിക്കണമെന്നും തിവാരി കോടതിയോട് അഭ്യര്‍ഥിച്ചു.
കോടതി രൂപീകരിച്ച വിദഗ്ധ സമിതി നല്‍കിയ നിര്‍ദേശങ്ങളും നടപടികളും നടപ്പിലാക്കാന്‍ സര്‍ക്കാരിനോടും സെബിയോടും നിര്‍ദേശിക്കണമെന്നും ഒസിസിആര്‍പി പ്രസിദ്ധീകരിച്ച സ്റ്റോക്ക് കൃത്രിമത്വങ്ങളുടെയും രഹസ്യ നിക്ഷേപങ്ങളുടെയും ആരോപണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.