അദാനി വിവാദം: പണം മാറ്റിയതിന് മുന്‍ കരാറുകാരന്‍ സാക്ഷിയെന്ന് റിപ്പോര്‍ട്ട്

  • സെബിയുടെ അന്വേഷണത്തില്‍ ഇടപെടാന്‍ അനുമതി തേടി
  • നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് അഗര്‍വാള്‍

Update: 2023-09-13 11:37 GMT

അദാനി ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പണം കൈമാറ്റം ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കി ഗ്രൂപ്പിന്റെ മുന്‍ കരാറുകാരന്‍ അജയ് കുമാര്‍ അഗര്‍വാള്‍ സുപ്രീം കോടതിയില്‍ (എസ്സി) അപേക്ഷ സമര്‍പ്പിച്ചു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണത്തില്‍ ഇടപെടാന്‍ അഗര്‍വാള്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടി.

ഇബിപിഎല്‍ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറായ അഗര്‍വാള്‍ അദാനിയുടെ സര്‍ഗുജ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായിരുന്നു. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കോടതിയെയും സെബിയെയും സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇടനാഴിയുടെ പണി പൂര്‍ത്തിയാക്കാന്‍ സര്‍ഗുജ റെയില്‍ കോറിഡോര്‍ പ്രൈവറ്റ് ലിമിറ്റഡ് (എസ്ആര്‍സിപിഎല്‍) എന്ന പുതിയ കമ്പനി രൂപീകരിച്ചതായി അഗര്‍വാള്‍ ആരോപിച്ചു. പിന്നീട് പദ്ധതി പൂര്‍ത്തിയാക്കാന്‍ എസ്ആര്‍സിപിഎല്‍ പിന്നീട് ഇബിപിഎല്‍ വെഞ്ച്വേഴ്‌സിന് ഉപകരാര്‍ നല്‍കി.

2022ല്‍ എസ്ആര്‍സിപിഎല്‍ അദാനി പോര്‍ട്ട്സ് ഏറ്റെടുത്തു. അദാനി ഗ്രൂപ്പിന്റെ തൊഴില്‍ സംസ്‌കാരം താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചതായി അഗര്‍വാള്‍ അപേക്ഷയില്‍ പറഞ്ഞു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഫണ്ട് വഴിതിരിച്ചുവിടലും ഓഹരി വിപണി കൃത്രിമവും സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) 2014-ല്‍ നല്‍കിയ മുന്നറിയിപ്പ് സെബി മറച്ചുവെച്ചതായി കഴിഞ്ഞയാഴ്ച ഒരു ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഗ്രൂപ്പിന്റെ നിരവധി ഇടപാടുകള്‍ സെബി അന്വേഷിക്കുന്നുണ്ട്. യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കമ്പനിയുടെ സ്റ്റോക്ക് കൃത്രിമം ആരോപിച്ച് അന്വേഷണം ആരംഭിച്ചത്.

Tags:    

Similar News