കൊച്ചിയിൽ ലോജിസ്റ്റിക് പാർക്കുമായി 'അദാനി', നിക്ഷേപിക്കുക 500 കോടി

ഇതിനായി 70 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുത്തു

Update: 2025-01-09 10:38 GMT

കേരളത്തിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കമ്പനി നിക്ഷേപം നടത്താനൊരുങ്ങുന്നത്. കൊച്ചി കളമശ്ശേരിയിൽ 70 ഏക്കർ സ്ഥലത്താണ് ലോജിസ്റ്റിക് പാർക്ക് ഒരുങ്ങുന്നത്. പ്രാഥമികമായി പാർക്ക് നിർമിക്കുന്നതിന് 500 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി തീരുമാനിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക്സ് പാര്‍ക്കാണ് കളമശ്ശേരിയില്‍ സജ്ജമാക്കുക. അദാനിയുടെ നിക്ഷേപം കേരളത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ലോജിസ്റ്റിക്‌സ് മേഖലയിലെ പ്രമുഖ കമ്പനികൾ ഇവിടെ പ്രവർത്തിക്കാൻ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലിപ്‌കാർട്ട് ഡിസംബർ മാസത്തിൽ ഇവിടെ പ്രവർത്തനം ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വെയര്‍ഹൗസുകളാണ് പാര്‍ക്കില്‍ ഉണ്ടാവുക.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് 10,000 കോടി രൂപ കൂടി അദാനി ഗ്രൂപ്പ് നിക്ഷേപിക്കും. അടുത്ത മൂന്ന് വര്‍ഷത്തിലാണ് ഈ തുക നിക്ഷേപിക്കുക. ഇതുവരെ അദാനിയും സംസ്ഥാനവും ചേര്‍ന്ന് 7900 കോടി രൂപയോളം നിക്ഷേപിച്ചു കഴിഞ്ഞു.

Tags:    

Similar News