സാമ്പത്തിക കുറ്റത്തിന് 500 ഇന്ത്യക്കാർ ഖത്തർ ജയിലുകളിൽ, 1611 പേർ യു എ ഇ യിൽ, 1461 പേർ സൗദിയിൽ
- കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുന്നില്ലെന്നു കുടുംബങ്ങൾ
- ഇവരുടെ മോചനത്തിനായി കുറഞ്ഞത് 200 കോടി രൂപയെങ്കിലും വേണം
;

മലയാളികൾ ഉൾപ്പെടെ 500 ഇന്ത്യൻ പൗരന്മാർ സാമ്പത്തിക കുറ്റത്തിന് ഖത്തറിൽ ജയിലിലാണെന്നു വിദേശമന്ത്രാലയം.
എന്നാൽ ഇവരിൽ പലരും നിരപരാധികളാണെന്നും, രാജ്യത്തെ നിയമത്തിലെ പോരായ്മകൾ കൊണ്ട് മാത്രമാണ് ഇവർ തടവുകാരായതു എന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഖത്തറിൽ ഇന്ത്യക്കാർക്ക് 49 :51 എന്ന നിക്ഷേപ അനുപാതത്തിൽ ഖത്തർ പൗരന്മാരുമായി ചേർന്ന് സംരംഭങ്ങൾ തുടങ്ങാൻ അവിടുത്തെ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ സംരംഭം തകർന്നാൽ ബാധ്യത മുഴവൻ ഇന്ത്യൻ സംരംഭകന്റെ ചുമലിലാകും. അതോടെ ഇന്ത്യൻ സംരംഭകനും , ഖത്തർ പങ്കാളിയും ചേർന്നെടുത്ത വായ്‌പ്പാ ഇന്ത്യൻ വ്യവസായി തിരിച്ചടക്കേണ്ടി വരും. കടം തിരിച്ചടക്കാൻ കഴിയാത്തതുകൊണ്ടാണ്, പല ഇന്ത്യൻ സംരംഭകരും ഖത്തറിലെ ജയിലിലായത്.
കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുന്നില്ലെന്നു ഇങ്ങനെ അവിടെ ജയിലിലായ മലയാളികളുടെ കുടുംബങ്ങൾ ആരോപിക്കുന്നു.
പല വാതലുകളിൽ മുട്ടിയിട്ടും തന്റെ ഭർത്താവിന്റെ ജയിൽ മോചനം സാധ്യമായില്ലന്നു കോഴിക്കോട് സ്വദേശിയായ പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു യുവതി പറഞ്ഞു.
``ഒരു കച്ചവട സ്ഥാപനത്തിന്റെ പങ്കാളിയായിരുന്നു എന്റെ ഭർത്താവു ഒരു ചെക്ക് മടങ്ങിയതിന്റെ പേരിലാണ് അവിടെ 2019 ൽ ജയിലിലായത്. അന്ന് മുതൽ അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. . ഞങ്ങൾ മുട്ടാത്ത വാതിലുകളില്ല . ഒന്നും ഫലം കണ്ടില്ല, '' അവർ പറഞ്ഞു.
ഖത്തറിലുള്ള പല സംഘടനകളും ഇവരുടെ മോചനത്തിനായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ 500 ഇന്ത്യൻ തടവുകാരിൽ 473 പേരെങ്കിലും നിരപരാധികളാണെന്നാണ് ഈ സംഘടനകൾ മനസ്സിലാക്കുന്നത്. ഇവരുടെ മോചനത്തിനായി കുറഞ്ഞത് 200 കോടി രൂപയെങ്കിലും സ്വരൂപിക്കേണ്ടി വരും എന്നാണവർ കണക്കുകൂട്ടുന്നത് . ഇത് അവരെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്, പത്തു വർഷത്തിൽ ഏറെ ഖത്തറിൽ ജയിലിൽ കിടന്ന ഒരു പ്രവാസി നിക്ഷേപകൻ പറഞ്ഞു. വളരെ വർഷങ്ങൾ നീണ്ട നിയമയുദ്ധത്തതിന് ശേഷമാണ് അദ്ദേത്തിന്റെ ജയിൽ മോചനം സാധ്യമായത്.
സൗദി അറേബ്യ, യു എ ഇ , തുടങ്ങി മേഖലയിലെ പല രാജ്യങ്ങളും ഖത്തർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചു 2017 ൽ ഏർപ്പെടുത്തിയ രാഷ്ട്രീയ -സാമ്പത്തിക ഉപരോധം ഖത്തറിന്റെ സമ്പത് ഘടനയെ ഉലച്ചു. ഇത് അവിടെയുള്ള ഇന്ത്യൻ സംരംഭകരേയും ബാധിച്ചു. മൂന്ന് വർഷത്തിന് ശേഷം ഈ രാജ്യങ്ങൾ ഉപരോധം പിൻവലിച്ചു. ഖത്തറിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടെങ്കിലും , ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് ഇത് വലിയ ആശ്വാസം നൽകിയില്ല.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു, വിദേശത്തു സാമ്പത്തിക കുറ്റത്തിന് ഏറ്റവും അധികം ഇന്ത്യക്കാർ ജയിൽ കഴിയുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. അവിടെ തന്നെ ഏറ്റവും കൂടുതൽ യു എ ഇ യിലു, 1611 പേർ, തൊട്ടുപിന്നിൽ സൗദി അറേബ്യയാണ്. അവിടെ 1461 ഇൻഡ്യാക്കാർ ആണ് സാമ്പത്തിക കുറ്റങ്ങളുടെ പേരിൽ ജയിലുകളിൽ കഴിയുന്നത്. ഖത്തറിൽ പല കുറ്റങ്ങൾ ആരോപിച്ചു ആകെ 696 ഇന്ത്യക്കാരെ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്.
.